chennithala

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണ സംരംഭമായ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടൻസിക്കായി കെ.പി.എം.ജി എന്ന കമ്പനിക്ക് 6,82,68,402 രൂപയുടെ കരാർ നൽകിയത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

2018ലെ പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാൻ പോലും കഴിയാത്ത സർക്കാരാണിത്. ഇനി സർക്കാരിന് പ്രവർത്തിക്കാൻ ആറ് മാസം പോലും കാലാവധിയില്ലാതിരിക്കെയാണ് 24 മാസത്തേക്ക് കൺസൾട്ടൻസി കരാർ നൽകിയത്. പോകുന്ന പോക്കിൽ കൺട്ടൻസി നൽകി കമ്മിഷൻ അടിക്കുകയാണ് ലക്ഷ്യം.

2018 ലെ പ്രളയം കഴിഞ്ഞ ഉടൻ കെ.പി.എം.ജിക്കായിരുന്നു ടെൻഡർ പോലും വിളിക്കാതെ കൺസൾട്ടൻസി കരാർ നൽകിയത്. അന്നവർ സൗജന്യമായി ജോലി ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്നേ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചതാണ്. ആറു മാസം കഴിഞ്ഞ് കെ.പി.എം.ജി പണി ഉപേക്ഷിച്ചു പോയതോടെ റീബിൽഡ് കേരള താളം തെറ്റി.
ആദ്യം നിബന്ധനകളൊന്നും പാലിക്കാതെ സൗജന്യമെന്ന് പറഞ്ഞ് കൺസൾട്ടൻസി കരാർ നൽകുക, പിന്നീട് അവരത് ഉപേക്ഷിച്ച് പോവുക, തുടർന്ന് വലിയ തുകയ്ക്ക് അവർക്ക് തന്നെ കരാർ നൽകുക എന്നിവയെല്ലാം ഇടപാടിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.