shelter-for-orphan-kids

 കിൻഷിപ്പ് ഫോസ്റ്റർ കെയറിന് 84 ലക്ഷത്തിന്റെ ഭരണാനുമതി

തിരുവനന്തപുരം: മാതാപിതാക്കളില്ലാതെ അംഗീകൃത ഹോമുകളിൽ കഴിയുന്ന കുട്ടികളെ പോറ്റിവളർത്താൻ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് അംഗീകാരം. പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കുന്നതിന് 84 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളിൽ 25,484 കുട്ടികളാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിൻഷിപ്പ് ഫോസ്റ്റർ കെയർ രൂപീകരിച്ചത്.
കുട്ടിയുമായി അടുത്ത ബന്ധമുള്ള മുത്തശ്ശി-മുത്തശ്ശൻ, അമ്മാവൻ, അമ്മായി അല്ലെങ്കിൽ കുട്ടികളില്ലാത്ത മറ്റ് ബന്ധുക്കൾ എന്നിവർക്ക് കുട്ടികളെ ഏറ്റെടുക്കാം. ഇവർക്ക് ഒരു നിശ്ചിത തുക മാസം തോറും നൽകും.
തയ്യാറാവുന്ന ബന്ധുക്കളുടെ അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സ്വീകരിക്കും. കുട്ടികളെയും ബന്ധുക്കളെയും പ്രത്യേകം കൗൺസലിംഗിന് വിധേയമാക്കും..

സ്‌പോൺസർഷിപ്പ് ഫോസ്റ്റർകെയർ അപ്രൂവൽ കമ്മിറ്റിയാണ് തുക തീരുമാനിക്കുന്നത്. കുട്ടിയുടെയും വളർത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേയ്ക്ക് ജില്ല ശിശു സംരക്ഷണ ഓഫീസർ തുക നിക്ഷേപിക്കും. മൂന്ന് മാസത്തിലൊരിക്കൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വീട്ടിലും നാട്ടിലുമെത്തി അന്വേഷിക്കും. ഒരു ജില്ലയിൽ 25 കുട്ടികളെന്ന രീതിയിൽ ആരംഭിക്കുന്ന പദ്ധതി ,വിജയമെന്ന് കണ്ടാൽ വ്യാപിപ്പിക്കും.