തിരുവനന്തപുരം: ലാ കോളേജുകളിലെ സീറ്റുകളുടെ എണ്ണം ഇന്ത്യൻ ബാർ കൗൺസിൽ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ കോളേജുകളിൽ അഡിഷണൽ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. എൻട്രൻസ് കമ്മിഷണറുടെ പ്രോസ്‌പെക്ടസ് പ്രകാരം ത്രിവത്സര എൽ എൽ.ബി കോഴ്സിൽ 100 സീറ്റിലും പഞ്ചവത്സര എൽ എൽ.ബി കോഴ്സിൽ 80 സീറ്റിലും പ്രവേശനം നടത്താനാണ് സർക്കാർ ഉത്തരവ്. എന്നാൽ ഇന്ത്യൻ ബാർ കൗൺസിൽ ചട്ടപ്രകാരം ഒരു ബാച്ചിൽ 60 സീറ്റിൽ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഈ നിബന്ധനകൾക്ക് വിപരീതമായി സർക്കാർ പ്രവർത്തിച്ചാൽ ഇപ്പോൾ പ്രവേശനം നേടിയ കുട്ടികളുടെ എൻറോൾമെന്റ് അടക്കം പ്രതിസന്ധിയിലാകും. ഇത് പരിഹരിക്കാൻ കൂടുതൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പ്രതിവിധി. കൊവിഡ് കാരണം അന്യസംസ്ഥാനങ്ങളിലെ പഠനം പ്രതിസന്ധിയിലായ സാഹചര്യം കണക്കിലെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.