പാലോട്: നന്ദിയോട് ജംഗ്ഷനിൽ സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകമായി 1997ൽ അന്നത്തെ ഭരണസമിതി സ്ഥാപിച്ച സ്മൃതി ലാംപിന്റെ പേരിൽ ഭരണ -പ്രതിപക്ഷ തർക്കവും വാക്പോരും. ഭരണ സമിതി ഇതുവരെയും യാതൊരു വിധ മെയിന്റനൻസ് ജോലികളും ചെയ്യാത്തതിനാൽ അടൂർ പ്രകാശ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ ലാംപ് സ്ഥാപിക്കാനുള്ള നീക്കവും പഞ്ചായത്ത് തള്ളിയിരുന്നു. ഇതേ സ്മൃതി ലാംപിൽ രണ്ടു പ്രാവശ്യം വാഹനം തട്ടിയതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമകളിൽ നിന്നു നഷ്ടപരിഹാരം പഞ്ചായത്ത് ഈടാക്കിയിരുന്നെങ്കിലും ഒരു ജോലിയും ചെയ്തിട്ടില്ല.എന്നാൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നന്ദിയോട് ജംഗ്ഷനിൽ പുതിയ ലാംപ് സ്ഥാപിക്കാനാണ് പഞ്ചായത്ത് തീരുമാനമെടുത്തത്.ഇതിനുള്ള ജോലികൾ ആരംഭിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു തുടർന്ന് പഞ്ചായത്ത് അധികാരികളുമായുള്ള ചർച്ച നടത്തുകയും ഈ മാസം 30 ന് ചേരുന്ന കമ്മിറ്റിയിൽ തീരുമാനമെടുക്കാമെന്ന ഉറപ്പിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി.എന്നാൽ, തീരുമാനം മറികടന്ന് വൈകുന്നേരം തന്നെ ലാംപ് സ്ഥാപിക്കാൻ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ പണി ആരംഭിച്ചു.അതേതുടർന്ന് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയത് സംഘർഷത്തിന് കാരണമായി. പാലോട് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയതായി വയ്ക്കുന്ന ലാംപിന്റെ നിർമ്മാണ പ്രവർത്തനം നിറുത്തിവയ്ക്കാൻ കഴിയില്ല എന്നും നിലവിലുള്ള ലാംപ് നവീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടത്തി ഉചിതമായ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിൻമേൽ പ്രവർത്തകർ പിരിഞ്ഞു പോയി.നിലവിലുള്ള ലാംപിൽ നിന്നു അഞ്ച് മീറ്റർ മാറി യാണ് ഇരു ഭാഗങ്ങളിലുമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. എന്നാൽ സ്വന്തന്ത്ര്യ സമര സ്മൃതി ലാംപിനോട് സി.പിഎം ഭരണ നേതൃത്വം കാണിക്കുന്ന സമീപനം ജനങ്ങൾ മനസിലാക്കണമെന്നും ഈ സ്മാരകം സംരക്ഷിക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോരാടുമെന്നും ഡി.സി.സി.ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ പറഞ്ഞു. രാവിലെ നടന്ന പ്രതിഷേധ പരിപാടിയിൽ ഡി.സി.സി ഭാരവാഹികളായ ചന്ദ്രശേഖരപിള്ള, വി.രാജീവൻ, മണ്ഡലം പ്രസിഡന്റുമാരായ രാജ് കുമാർ, ശ്രീകുമാർ ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ, സിഗ്നി,.പേരയം സുജിത്ത്, പത്മാലയം മിനിലാൽ, ഡി.എസ്.വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.