ബാലരാമപുരം: ഭരണാനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മരാമത്ത് റോഡുകളുടെ നവീകരണം വൈകുന്നതിനെതിരെ ആക്ഷേപമുയരുന്നു. കോവളം, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലത്തിലെ മിക്ക റോഡുകളുടേയും നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങളായി. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ മൂന്ന് മാസം നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ട് പോയി. എന്നാേൽ ഗതാഗതം സജീവമായതോടെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ പരാതിയുയരുകയാണ്. കാഞ്ഞിരംകുളം സെക്ഷന്റെ കീഴിൽ കിഫ്ബി വഴി റോഡുകളുടെ പുനഃരുദ്ധാരണത്തിന് 35 കോടി രൂപയുടെ പ്രോജക്ട് കൈമാറിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാൽ കാഞ്ഞിരംകുളം സെക്ഷനിലെ എൺപത് ശതമാനത്തോളം റോഡുകളുടെയും നവീകരണം പൂർത്തിയാകും. നെയ്യാറ്റിൻകര മണ്ഡലത്തിൽ ആറാലുംമൂട് സെക്ഷന്റെ കീഴിൽ അമരവിള ഒറ്റശേഖരമംഗലം റോഡിൽ പെരുങ്കടവിള –ആര്യങ്കോട് ഭാഗത്ത് 4.66 കിലോമീറ്റർ ഭാഗത്ത് ഡി.ബി.എൻ വർക്കുകളുടെ ജോലികൾ പൂർത്തിയായി. അമരവിള- ആര്യങ്കോട് വരെ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കിഫ്ബി വഴി 26.97 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. കുറ്റിയാണിക്കാട്- പഴിഞ്ഞിപ്പാറ ഭാഗത്ത് കലുങ്കുകളുടെയും നിർമ്മാണം വൈകുന്നതായും പരാതിയുണ്ട്. നബാർഡിന്റെ ധനസഹായത്തോടെ കോവളം മണ്ഡലത്തിലെ കൂട്ടപ്പന- അവണാകുഴി –ഓലത്താന്നി റോഡിന്റെ നവീകരണത്തിന് 6.6 കോടി രൂപ അനുവദിച്ചെങ്കിലും ഓടകളുടെ നവീകരണം മാത്രമായി ടാറിംഗ് നീളുകയാണ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ കോടതി റോഡായ ഓൾഡ് അഞ്ചലാഫീസ് അമരവിള ഭാഗത്തിന്റെ നവീകരണത്തിനായി 2.5 കോടി രൂപ അനുവദിച്ചെങ്കിലും ടാറിംഗ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ മെറ്റലിട്ട് നികത്തിയിരുന്നു. തേമ്പാമുട്ടം –റസൽപുരം റോഡിലും കുഴികൾ രൂപപ്പെട്ട ഭാഗങ്ങൾ കരാറുകാരൻ മെറ്റലിട്ട് ഗതാഗതയോഗ്യമാക്കിയിരുന്നു. കാഞ്ഞിരംകുളം സെക്ഷന്റെ കീഴിൽ കാട്ടാക്കട-കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വെടിവെച്ചാൻകോവിൽ- പുന്നമൂട് –ഭഗവതിനട റോഡിനും പള്ളിച്ചൽ -മാവറത്തല റോഡിനും 1.25 കോടി രൂപ നവീകരണത്തിന് അനുവദിച്ചെങ്കിലും പണികൾ പൂർത്തിയായിട്ടില്ല. വെടിവെച്ചാൻകോവിൽ -പുന്നമൂട് റോഡ് പൂർണമായും തകർന്ന നിലയിലാണ്. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വാഹനങ്ങളാണ് കുണ്ടും കുഴിയും രൂപപ്പെട്ട ഈ ഇടറോഡിലൂടെ കടന്നുപോകുന്നത്. വെടിവെച്ചാൻകോവിൽ -പുന്നമൂട് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ഐ.ബി. സതീഷ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്. അഞ്ച് കോടി രൂപ അനുവദിച്ച ഉച്ചക്കട പുളിങ്കുടി റോഡ് പനയറക്കുന്ന് –താന്നിമൂട് റോഡ് എന്നിവയുടെ ടാറിംഗ് പൂർത്തിയായി.
കാഞ്ഞിരംകുളം സെക്ഷന്റെ കീഴിൽ കിഫ്ബി വഴി റോഡുകളുടെ പുനഃരുദ്ധാരണത്തിന് അനുവദിച്ചത് 35 കോടി രൂപ
അമരവിള- ആര്യങ്കോട് വരെ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കിഫ്ബി വഴി അനുവദിച്ചത് 26.97 കോടി രൂപ
നബാർഡിന്റെ ധനസഹായത്തോടെ കോവളം മണ്ഡലത്തിലെ കൂട്ടപ്പന- അവണാകുഴി –ഓലത്താന്നി റോഡിന്റെ നവീകരണത്തിന്അനുവദിച്ചത് 6.6 കോടി രൂപ
വെടിവെച്ചാൻകോവിൽ- പുന്നമൂട് –ഭഗവതിനട റോഡിന്റെയും പള്ളിച്ചൽ -മാവറത്തല റോഡിന്റെയും നവീകരണത്തിന് അനുവദിച്ചത് 1.25 കോടി രൂപ