വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ പേരയത്തുപാറയിലും പടിപ്പോട്ടുപാറയിലും പുതിയ വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. പൊൻമുടി-തിരുവനന്തപുരം റോഡിൽ പേരയത്തുപാറയിലുള്ള വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിന് നാലരലക്ഷം രൂപയും, പടിപ്പോട്ടുപാറയിൽ മൂന്നര ലക്ഷം രൂപയുമാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേരയത്തുപാറയിൽ 15 വർഷം മുൻപ് തൊളിക്കോട് പഞ്ചായത്ത് നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കോൺഗ്രീറ്റ് പാളികൾ ഇളകി വീഴുകയും മഴയത്ത് കുട പിടിച്ച് ബസ് കാത്തിരിക്കേണ്ട അവസ്ഥയിലുമായിരുന്നു. നാട്ടുകാർ ഇതു സംബന്ധിച്ച് അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. വെയിറ്റിംഗ് ഷെഡിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തുകയും തുക അനുവദിക്കുകയുമായിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കാൻ തുക അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസും തോട്ടുമുക്ക് വാർഡ് മെമ്പർ എം.പി. സജിതയും നന്ദി രേഖപ്പെടുത്തി.