നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഫ്ളാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ മർദിച്ച് ഒന്നരലക്ഷം രൂപയും ആറ് പവൻ സ്വർണാഭരണങ്ങളും കവർന്ന സംഘത്തിലെ മൂന്നുപേർ പൊലീസ് പിടിയിലായി. മഞ്ഞപ്ര തുറവൂർ പുല്ലാനിക്കര ചാലക്കവീട്ടിൽ പുല്ലാനി വിഷ്ണു (31), മൂക്കന്നൂർ കോക്കുന്നു പാറയിൽ അനിൽ പപ്പൻ (29), മഞ്ഞപ്ര തവളപ്പാറ വെള്ളോളിൽ ടിൽജോ (30) എന്നിവരാണ് പിടിയിലായത്. കേസിൽ മൂന്നുപേർകൂടി പിടിയിലാകാനുണ്ട്. ചൂതാട്ടക്കാരിൽ നിന്ന് കവർന്നെടുത്ത സ്വർണമാല, സ്വർണമോതിരം, കവർച്ച ചെയ്യാൻ ഉപയോഗിച്ച വാഹനങ്ങൾ, കവർച്ച മുതൽ ഉപയോഗിച്ച് വാങ്ങിയ മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് പ്രതികളിൽനിന്ന് പിടിച്ചെടുത്തു. മേയ് നാലിന് വനംവകുപ്പിന്റെ പാർക്കിന് സമീപത്തെ ഫ്ളാറ്റിലാണ് കേസിനാസ്പദമായ സംഭവം.
ലക്ഷങ്ങളുടെ ചൂതാട്ടം നടക്കുന്നുണ്ടെന്നുള്ള വിവരത്തിലാണ് സംഘമെത്തിയത്. കളിച്ചുകൊണ്ടിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും ഹെൽമറ്റിന് തലയ്ക്കടിച്ചും മർദ്ദിച്ചുമാണ് പണം തട്ടിയെടുത്തത്. പ്രതീഷിച്ചത്ര തുകയില്ലാത്തതിനെ തുടർന്ന് ചൂതാട്ടത്തിനെത്തിയവരുടെ സ്വർണമാലയും മോതിരവും മൊബൈൽഫോണും ബലംപ്രയോഗിച്ച് വാങ്ങുകയായിരുന്നു. പിന്നീട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഫ്ളാറ്റിന് മുൻവശം സ്റ്റാർട്ടുചെയ്ത് നിറുത്തിയിട്ടിരുന്ന കാറിൽ കടന്നുകളഞ്ഞു.
പണം നഷ്ടപ്പെട്ടവർ മാനക്കേട് ഭയന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. വിവരമറിഞ്ഞ പൊലീസ് കുറ്റകൃത്യത്തിൽ പങ്കെടുത്തവരെപ്പറ്റി കൃത്യമായ വിവരം ശേഖരിച്ച് പരാതിക്കാരിൽനിന്നും മൊഴിവാങ്ങി കേസെടുക്കുകയായിരുന്നു. തുടർന്ന് അഞ്ചാം പ്രതി അനിൽ, ആറാം പ്രതി ടിൽജോ എന്നിവർ ആദ്യം പിടിയിലായി. അങ്കമാലിയിലെ കൊലപാതക ശ്രമക്കേസിൽ റിമാൻഡിലായിരുന്ന ഒന്നാം പ്രതി പുല്ലാനി വിഷ്ണുവിനെ കോടതി അനുമതിയോടെ കസ്റ്റഡിയിലെടുത്തു. അങ്കമാലി, കാലടി എന്നീ പൊലീസ് സ്റ്റേഷനുകളിലെ സ്ഥിരം കുറ്റവാളികളാണ് പ്രതികൾ. എറണാകുളം റൂറൽ ജില്ലയിലെ ഗുണ്ടാനേതാക്കളാണ് പിടിയിലാകാനുള്ള മറ്റ് പ്രതികളും. ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളവരും ഉടൻ പിടിയിലാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
ആലുവ ഡിവൈ.എസ്.പി വേണുവിന്റെ മേൽനോട്ടത്തിൽ നെടുമ്പാശേരി ഇൻസ്‌പെക്ടർ പി.എം. ബൈജു, എസ്.ഐ എം.എസ്. ഫൈസൽ, എ.എസ്.ഐ ബിജേഷ്, പൊലീസുകാരായ നവീൻദാസ്, ജിസ്‌മോൻ, രജീഷ് പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
****ചീട്ടുകളിക്കാർക്കെതിരെയും കേസെടുക്കും
ഫ്ളാറ്റിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നവർക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കവർച്ച കേസിലെ മറ്റ് പ്രതികൾ കൂടി പിടിയിലായ ശേഷം കേസെടുക്കുമെന്ന് നെടുമ്പാശേരി എസ്.ഐ എം.എസ്. ഫൈസൽ പറഞ്ഞു.