തിരുവനന്തപുരം: പി.എസ്.സി മാസപ്പടിക്കാരുടെ കേന്ദ്രമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആരോപിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ പി.എസ്.സി ആസ്ഥാനത്ത് നടത്തിയ നിരാഹാര
സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തേണ്ട പി.എസ്.സി സ്വജനപക്ഷപാതത്തിന്റെയും പിൻവാതിൽ നിയമനത്തിന്റെയും കേന്ദ്രമായി മാറി. സിവിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലെ ഒന്നാം പ്രതി സർക്കാരും പി.എസ്.സിയും ആയതിനാൽ പട്ടികയുടെ കാലാവധി നീട്ടിനൽകണമെന്നും സുധീർ ആവശ്യപ്പെട്ടു. യുവമോർച്ച സംസ്ഥാന നേതാക്കളായ ജെ.ആർ. അനുരാജ്, ബി.എൽ. അജേഷ്, ബി.ജി. വിഷ്ണു, ആർ. സജിത്ത് എന്നിവർ സംസാരിച്ചു. പാപ്പനംകോട് നന്ദു, അഭിജിത്ത് എച്ച്.എസ്, ഉണ്ണിക്കണ്ണൻ എം.എ, ആനന്ദ എസ്.എം, ആശാനാഥ്, അനൂപ് എന്നിവർ നേതൃത്വം നൽകി.