തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന ഭീതി ഒഴിഞ്ഞിട്ടില്ലെന്നും തലസ്ഥാനമടക്കം ആറ് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കുറവാണ്. എൺപതിലധികം കേസുകളിൽ ഉറവിടം കണ്ടെത്താനായില്ലെന്നാണ് മാദ്ധ്യമങ്ങളിൽ വന്നത്.എന്നാൽ പ്രതിദിന കൊവിഡ് അവലോകനത്തിൽ ഉറവിടം കണ്ടെത്തില്ലെന്നു പറയുന്ന മിക്ക കേസുകളിലും തുടർന്നുള്ള ദിവസങ്ങളിൽ അത് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ നാൽപതിൽ താഴെ കേസുകൾ മാത്രമാണ് ഉറവിടമറിയാത്തത്. കൃത്യമായ കണക്ക് വിശകലനത്തിനു ശേഷം പുറത്തുവിടും. കൊവിഡ് കേസുകളുടെ ഇപ്പോഴത്തെ വർദ്ധന പ്രതീക്ഷിച്ചതാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം 10 ശതമാനം മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനം വരെയായിട്ടുണ്ട്.
തിരിച്ചു വരുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ ആന്റിബോഡി ടെസ്റ്റ് നടത്തും. ഫലം നെഗറ്റീവായാലും 14 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. പോസിറ്റീവായാൽ പി.സി.ആർ ടെസ്റ്റ് കൂടി നടത്തിയാലേ സ്ഥിരീകരിക്കാനാവൂ. ഇതിനായി കൂടുതൽ കിറ്റുകൾ തയാറാക്കുന്നുണ്ട്.പ്രവാസികൾക്ക് വീട്ടിലെ റൂം ക്വാറന്റൈൻ ആണ് സർക്കാർ മുൻഗണന നൽകുന്നത്. അതിന് സൗകര്യമില്ലെങ്കിൽ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതു സംബന്ധിച്ച് യാതൊരു പ്രശ്നവും ഇല്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാകുമെന്നും മന്ത്രി പറഞ്ഞു.