തിരുവനന്തപുരം:കൊവിഡ് കേസുകളുടെ കാര്യത്തിൽ മറ്റ് ജില്ലകളെക്കാൾ തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണമെന്ന് വ്യക്തമാക്കി മന്ത്രി കെ.കെ. ശൈലജ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ജില്ലയിൽ കൂടുതലാണ്. തമിഴ്നാട്ടിലെ കന്യാകുമാരി അടക്കമുള്ള കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് ചികിത്സക്കായും മറ്റും തിരുവനന്തപുരത്തേക്ക് കൂടുതൽ പേരെത്തുന്നുണ്ട്.
മെഡിക്കൽ കോളേജ്, റീജിയണൽ കാൻസർ സെന്റർ തുടങ്ങിയയിടങ്ങളിലേക്ക് ഈ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തുന്നത്. ഇവരുൾപ്പടെ ഒരു ദിവസം പതിനായിരത്തിലധികംപേർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. തലസ്ഥാന നഗരമായതിനാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നും നിരവധി പേർ തിരുവനന്തപുരത്തെത്തുന്നുണ്ട്. അതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല
കൊവിഡ് ബാധിച്ചു മരിച്ച വഞ്ചിയൂർ സ്വദേശി രമേശന് കൃത്യസമയത്ത് പരിശോധന നടത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതേപ്പറ്റി കളക്ടറുമായും ആരോഗ്യപ്രവർത്തകരുമായും സംസാരിച്ചു. അദ്ദേഹത്തിന് യാത്രാ പശ്ചാത്തലങ്ങളോ കൊവിഡ് സംശയിക്കേണ്ട സാഹചര്യമോ ഇല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തേ പരിശോധന നടത്താമായിരുന്നില്ലേയെന്ന ചോദ്യമാണ് കളക്ടർ ഉന്നയിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് കളക്ടറും ആരോഗ്യവകുപ്പും തമ്മിൽ ഭിന്നതയില്ലെന്നും മന്ത്രി വ്യക്തമാക്കി.