കൊല്ലം: പാലത്തറയിലെ സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ച് നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. വടക്കേവിള പാലത്തറ നഗർ 59, നവാസ് മൻസിലിൽ സെയ്ദലി (22) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഉദ്യോഗസ്ഥൻ വടക്കേവിള പാലത്തറ നഗർ 27, ശാന്താ ഭവനിൽ രാഹുലിനെ വഴിയിൽ തടഞ്ഞുനിറുത്തിയ ശേഷം സെയ്ദലി സ്കൂട്ടർ ആവശ്യപ്പെട്ടു. സ്കൂട്ടർ കൊടുക്കാത്തതിലുള്ള വിരോധത്തിൽ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാഹുലിന്റെ നെഞ്ചിൽ മാരകമായി കുത്തി. തുടർന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സെയ്ദലി രക്ഷപ്പെട്ടത്.കുളപ്പാടത്തുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സെയ്ദലിയെ പൊലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. പൊലീസ് സംഘം കുളപ്പാടത്തുള്ള ബന്ധുവീട്ടിൽ എത്തിയപ്പോൾ സെയ്ദലി അവിടെ നിന്ന് ഇറങ്ങിയോടി. ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടയിൽ പരിക്ക് പറ്റിയ എസ്.ഐ ദിപു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രാഹുലിനെ കുത്തുന്നതിന് മുമ്പ് സഹകരണ ആശുപത്രിയിൽ വച്ച് സെയ്ദലി ഒരു ആംബുലൻസിന്റെ ഗ്ലാസ് തകർത്തതായും പൊലീസിന് പരാതി ലഭിച്ചു. വിവിധ പൊലീസ് സ്റ്രേഷനുകളിലെ വാഹന മോഷണക്കേസുകളിൽ പ്രതിയാണ് സെയ്ദലിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അത്തരത്തിലും അന്വേഷണം നടക്കുന്നുണ്ട്.
ഇരവിപുരം സി.ഐ ബി. വിനോദ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.