ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലിവർപൂളിന് വിജയം
ക്രിസ്റ്റൽ പാലസിനെ കീഴടക്കിയത് 4-0 ത്തിന്
ലിവർപൂളിന് 23 പോയിന്റ് ലീഡ്
മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് തോറ്റാൽ ലിവർ പൂളിന് കിരീടമുറപ്പ്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടവും ലിവർപൂളും തമ്മിലുള്ള 30 വർഷത്തെ വിരഹത്തിന് അറുതിയാകാൻ അധികംസമയം വേണ്ട. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത നാലുഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചതോടെ 23 പോയിന്റ് ലീഡുമായി ലിവർപൂൾ കിരീടത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ്. ഒരുപക്ഷേ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ നടക്കുന്ന മത്സരത്തിൽ സിറ്റി തോറ്റാൽ അടുത്ത മത്സരത്തിന് ഇറങ്ങുംമുന്നേ ലിവർപൂളിന് കിരീടം സ്വന്തമാക്കാനാകും.
കൊവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യമത്സരത്തിൽ എവർട്ടണോട് ഗോൾ രഹിത സമനിലയിൽ പിരിയേണ്ടിവന്നതിനാൽ നിരാശയിലായ ആരാധകരുടെ മനസ് കുളിർപ്പിക്കുന്ന വിജയമാണ് യൂർഗൻ ക്ളോപ്പിന്റെ കുട്ടികൾ കഴിഞ്ഞരാത്രി സ്വന്തം തട്ടകമായ ആൻഫീൽഡിൽ നേടിയെടുത്തത്. ഇരുപകുതികളിലുമായി രണ്ട് ഗോളുകൾ വീതമാണ് ലിവർപൂൾ സ്വന്തമാക്കിയത്. 23-ാം മിനിട്ടിൽ യുവ താരം അലക്സാണ്ടർ അർനോൾഡിലൂടെ സ്കോറിംഗ് തുടങ്ങിയ ചെമ്പടയ്ക്ക് വേണ്ടി 44-ാം മിനിട്ടിൽ മുഹമ്മദ് സലായും 55-ാം മിനിട്ടിൽ ഫാബീന്യോയും 69-ാം മിനിട്ടിൽ സാഡിയോ മാനേയും വല കുലുക്കി.
ഇൗ വിജയത്തോടെ ലിവർപൂളിന് 31 മത്സരങ്ങളിൽനിന്ന് 86 പോയിന്റായി രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 63 പോയിന്റേയുള്ളൂ.
ഗോളുകൾ ഇങ്ങനെ
1-0
23-ാം മിനിട്ട്
അലക്സാണ്ടർ അർനോൾഡ്
വാൻഡിക്കിനെ ചവിട്ടിവീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് അതിമനോഹരമായി അർനോൾഡ് വലയിലേക്ക് അടിച്ചുകയറ്റിയത്.
2-0
44-ാം മിനിട്ട്
മുഹമ്മദ് സലാ
നൂലുപിടിച്ചപോലെ കൃത്യമായി ഫാബിന്യാേ നൽകിയ പാസാണ് സലാ സുന്ദരമായി ഫിനിഷ് ചെയ്തത്.
3-0
55-ാം മിനിട്ട്
ഫാബീന്യേ
റോബർട്ട്സണിൽ നിന്ന് കിട്ടിയ പന്ത് ലോംഗ് റേഞ്ചറിലൂടെ ഫാബീന്യോ വലയിലാക്കി.
4-0
69-ാം മിനിട്ട്
സാഡിയോ മാനേ
മൈതാനമദ്ധ്യത്തുനിന്ന് പന്തുമായി മുന്നേറിയ സലാ ഒരുക്കിയ അവസരത്തിൽനിന്ന് സാഡിയോ മാനേയുടെ ഫിനിഷിംഗ്
പോയിന്റ് നില
ടീം, കളി, പോയിന്റ് ക്രമത്തിൽ
ലിവർപൂൾ 31-86
മാഞ്ചസ്റ്റർ സിറ്റി 30- 63
ലെസ്റ്റർ സിറ്റി 31-55
ചെൽസി 30-51
മാഞ്ച. യുണൈറ്റഡ് 31-49
16
പ്രിമിയർ ലീഗിൽ ഇൗ സീസണിൽ തുടർച്ചയായ 16-ാമത് ഹോം മാച്ചിലാണ് ലിവർപൂൾ വിജയിക്കുന്നത്.
1990
ലാണ് ലിവർപൂൾ അവസാനമായി ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ ചാമ്പ്യൻമാരായത്.
10
തുടർച്ചയായി ആറ് പ്രിമിയർ ലീഗ് മത്സരങ്ങളിൽ ഒരേ എതിരാളിക്കെതിരെ ഗോൾ നേടുന്ന പത്താമത്തെ കളിക്കാരനാണ് സാഡിയോ മാനേ.
15
ഇൗ സീസണിൽ സലാ ഹോംഗ്രൗണ്ടിൽ നേടിയ ഗോളുകളുടെ എണ്ണം. മറ്റൊരു കളിക്കാരനും ഇൗ സീസണിൽ 10 ലേറെ ഗോളുകൾ നേടിയിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിന് കീഴടക്കി. അന്തോണി മാർഷലിന്റെ കിടിലൻ ഹാട്രിക്കാണ് മാഞ്ചസ്റ്ററിന് തകർപ്പൻ വിജയം നൽകിയത്. 7, 44, 74 മിനിട്ടുകളിലായാണ് മാർഷൽ ഗോളുകൾ നേടിയത്.
ഏഴ് വർഷത്തിന് ശേഷമാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പ്രിമിയർലീഗിൽ ഹാട്രിക് നേടുന്നത്.