തിരുവനന്തപുരം: മണ്ണന്തലയിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ്. ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ നൽകി.
ഇടുക്കി പീരുമേട് സ്വദേശി ബിജു നായർ, മലയിൻകീഴ് സ്വദേശികളായ സജീവ്, അഭിലാഷ് എന്നിവരെ ആക്രമിച്ച കടയ്ക്കൽ കൈതറക്കോണം നവാസ് മൻസിലിൽ ബിനൂഫ് ഖാൻ (33), കേശവദാസപുരം എസ്.ആർ നഗറിൽ ബാലചന്ദ്രൻ (36), കൊട്ടാരക്കര കലയപുരം സ്വദേശി വിഷ്ണു (27), കോട്ടയം പുതുപ്പള്ളി കൊച്ചുപറമ്പ് ഹൗസിൽ ബിബിൻ (35) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൊബൈൽ ടവറും സി.സി ടി.വി ദൃശ്യങ്ങളും തുണയ്ക്കാതിരുന്ന കേസിൽ പ്രതികൾ വന്ന ആട്ടോയുടെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് അക്രമികളെ കുടുക്കിയത്.
കഴിഞ്ഞ 13 ന് രാത്രി 10. 30 നായിരുന്നു സംഭവം. മണ്ണന്തല വയമ്പച്ചിറ കുളത്തിന് സമീപം റോഡകരികിൽ കാർ നിറുത്തിയിട്ട് അകത്തിരുന്ന മദ്യപിക്കുകയായിരുന്ന മൂന്നംഗ സംഘമാണ് ആക്രമണത്തിന് ഇരയായത്. ആട്ടോയിൽ സ്ഥലത്ത് എത്തിയ പ്രതികൾ കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു. അകത്ത് ഉണ്ടായിരുന്ന മൂന്നു പേരെയും മർദിച്ചു വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാറുമായി സ്ഥലം വിട്ടു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപതിനായിരം രൂപയും മൊബൈൽ ഫോണുകളും അക്രമികൾ കൊണ്ടു പോയി. അക്രമ സമയത്ത് മുഖം മറച്ചിരിക്കുന്നത് കൊണ്ട് സി.സി ടി.വിയിൽ മുഖം പതിഞ്ഞില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തത് ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും തടസമായി.ഇവർ സഞ്ചരിച്ച ആട്ടോയുടെ നമ്പർ കിട്ടിയതോടെ സംഘത്തെ പൊലീസ് പിടികൂടി. അക്രമികൾ കൊണ്ടു പോയ കാറും കണ്ടെടുത്തു. പ്രതികൾ റിമാന്റിലാണ്.