real-madrid

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞദിവസം മയ്യോർക്കയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ റയൽ മാഡ്രിഡ് പട്ടികയിലെ ഒന്നാംസ്ഥാനം വീണ്ടെടുത്തു.

ആദ്യപകുതിയിൽ വിനീഷ്യസ് ജൂനിയറും രണ്ടാംപകുതിയിൽ നായകൻ സെർജി റാമോസും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. 19-ാം മിനിട്ടിൽ ലൂക്കാ മെഡ്രിച്ചിന്റെ ഒരു റിവേഴ്സ് പാസിൽനിന്നാണ് വിനീഷ്യസ് സ്കോർ ചെയ്തത്. 56-ാം മിനിട്ടിൽ ഫ്രീകിക്കിൽനിന്നാണ് റാമോസ് സ്കോർ ചെയ്തത്. 13 വർഷത്തിനുശേഷം ഒരു ലാലിഗ സീസണിൽ എട്ടോ അതിലേറെയോ ഗോൾ നേടുന്ന ഡിഫൻഡറാണ് റാമോസ്. കഴിഞ്ഞ മത്സരത്തിലൂടെ ലാലിഗ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഡിഫൻഡറായി റാമോസ് മാറിയിരുന്നു.

ഇൗ വിജയത്തോടെ റയൽ മാഡ്രിഡിന് 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റായി. ബാഴ്സയ്ക്കും ഇത്രതന്നെ പോയിന്റുണ്ടെങ്കിലും ഇൗ സീസണിലെ നേർക്ക് നേർപോരാട്ടത്തിൽ റയലിനുള്ള മേൽക്കൈ അവരെ മുന്നിലെത്തിക്കുകയായിരുന്നു. 55 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

നാളെ സെൽറ്റഡി വി ഗോയ്ക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. റയൽ ഞായറാഴ്ച രാത്രി എസ്‌പാന്യോളിനെ നേരിടും.

ലാസിയോ തോറ്റു,

യുവന്റസിന് ആശ്വാസം

റോം : ഇറ്റാലിയൻ സെരി എയിൽ തങ്ങളുടെ കിരീടമോഹത്തിന് ഭീഷണി ഉയർത്തിയിരുന്ന ലാസിയോ കഴിഞ്ഞ കളിയിൽ അറ്റലാന്റയോട് തോറ്റത് യുവന്റസിന് ആശ്വാസമായി.

3-2 എന്ന സ്കോറിനായിരുന്നു അറ്റലാന്റയുടെ ജയം. അഞ്ചാം മിനിട്ടിൽ ഡി റൂണിന്റെ സെൽഫ് ഗോളിലൂടെ ലാസിയോ മുന്നിലെത്തി. ഗോസൻസ് (38-ാം മിനിട്ട്), മാലിനോവ്സ്‌കി (66), പൗളോമിനോ (80) എന്നിവരുടെ ഗോളുകൾ അറ്റലാന്റയ്ക്ക് വിജയം നൽകി. 11-ാം മിനിട്ടിൽ മിലിൻ കോവിച്ച് ലാസിയോയുടെ രണ്ടാം ഗോളും നേടി.

27 മത്സരങ്ങളിൽനിന്ന് 62 പോയിന്റുമായി ലാസിയോ സെരി എയിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. 66 പോയിന്റുമാണ് യുവന്റസ് ഒന്നാമതുള്ളത്. കഴിഞ്ഞദിവസം സസൗളോയുമായി 3-3ന് സമനിലയിൽ പിരിഞ്ഞ ഇന്റർമിലാൻ 58 പോയിന്റുമായി മൂന്നാമതാണ്. 54 പോയിന്റുമായി അറ്റലാന്റ നാലാമതും.