covid-19

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധ ദിവസം നൂറിലേറെയായി കൂടിയതിനൊപ്പം ഉറവിടം അറിയാത്ത കേസുകളും വർദ്ധിക്കുന്നത് സാമൂഹ്യവ്യാപനത്തെ പറ്റിയുള്ള ആശങ്ക ശക്തമാക്കുന്നു. മേയ് നാലിന് ശേഷം റിപ്പോർട്ട് ചെയ്‌ത ഉറവിടം അറിയാത്ത കേസുകൾ അറുപതോളമായി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നതിന് പിന്നാലെ രോഗം പകർന്നതിന്റെ സൂചനയാണിത്. ഇങ്ങനെ പോയാൽ ആഗസ്റ്റിൽ കൊവിഡ് രോഗികൾ രണ്ടുലക്ഷം കവിയുമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കൊവിഡ് ഉന്നതതല സമിതിയും സർക്കാരിന് നൽകിയ റിപ്പോർട്ടുകളിൽ മുന്നറിയിപ്പ് നൽകുന്നു.

ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ട് പോകുമെന്ന് മുഖ്യമന്ത്രിയും ആറ് ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്ന് ആരോഗ്യമന്ത്രിയും ഇന്നലെ പറഞ്ഞത് ഇത് കണക്കിലെടുത്താണ്.

ഇതുവരെ 12 ജില്ലകളിലായി 73 പേരുടെ രോഗത്തിന്റെ ഉറവിടമാണ് വ്യക്തമാകാത്തത്. ആലപ്പുഴയിൽ മാത്രമാണ് ഉറവിടം അറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നത്.

അടുത്ത രണ്ട് മാസങ്ങളിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം പരമാവധിയാകും. നിയന്ത്രണങ്ങൾ പാലിക്കാതെ രോഗവ്യാപനം പാരമ്യത്തിൽ എത്തിയാൽ രോഗികൾ രണ്ട് ലക്ഷം കവിയുമെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ,​ മലപ്പുറം പാലക്കാട് ജില്ലകളിൽ താങ്ങാൻ വയ്യാത്തത്ര രോഗികളുണ്ടാകാം.

എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രോഗികളുടെ എണ്ണം കൂടുമെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ളതിനാൽ അതിജീവിക്കും. മറ്റു ജില്ലകളിൽ മുന്നൊരുക്കൾ നടത്തണമെന്നും ശുപാർശയുണ്ട്.

കൈവിട്ടു പോയാൽ

എല്ലാ നിയന്ത്രണങ്ങളും പാളിയാൽ സംഭവിക്കാവുന്ന ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ് രോഗികൾ രണ്ട് ലക്ഷം കവിയുമെന്ന് ദുരന്തനിവാരണ അതോറിട്ടി കണക്കാക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളിൽ ഉൾപ്പെടെ അഞ്ചുലക്ഷത്തോളം പ്രവാസികൾ ആഗസ്റ്റോടെ മടങ്ങിയെത്തും. രോഗപകർച്ചാ നിരക്ക് (ആർ.നോട്ട് - ഒരാളിൽ നിന്ന് എത്ര പേർക്ക് രോഗം പകരും എന്ന കണക്ക് ) രണ്ടായി ഉയർന്നാൽ ആഗസ്റ്റ് അവസാനത്തോടെ രണ്ട് ലക്ഷം രോഗികളാകും. നിലവിൽ രോഗപകർച്ചാനിരക്ക് ഒന്നിൽ താഴെയാണ്. കൊവിഡ് രൂക്ഷമായ വിദേശരാജ്യങ്ങളുടെ സ്ഥിതി പരിശോധിച്ചാൽ കേരളത്തിലും പകർച്ചാനിരക്ക് കൂടാനുള്ള സാദ്ധ്യതയുണ്ട്.

ഉറവിടം അറിയാതെ അഞ്ച് മരണങ്ങൾ

കണ്ണൂരിൽ എക്‌സൈസ് ഡ്രൈവർ സുനിൽ, കൊല്ലം സ്വദേശി അബ്ദുൾ കരീം, തിരുവനന്തപുരത്ത് ഫാ കെ.ജി.വർഗീസ്, വഞ്ചിയൂരിൽ കൂലിപ്പണിക്കാരൻ രമേശൻ, തൃശൂർ ഏങ്ങണ്ടിയൂരിൽ കുമാരൻ

'നിലവിലെ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽ പോലും, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കിൽ ആഗസ്റ്റ് അവസാനത്തോടെ കേരളത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. അതിൽ കുറയാം അല്ലെങ്കിൽ വർദ്ധിക്കാം. '

-മുഖ്യമന്ത്രി പിണറായി വിജയൻ