covid

തിരുവനന്തപുരം: വിദേശത്തുനിന്ന് 98,202 പേർ ഇന്നലെ വരെ കേരളത്തിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നും, ഇന്ന് മുതൽ 50 ചാർട്ടേഡ് വിമാനങ്ങൾ നിത്യേന എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മടങ്ങിയെത്തുന്നവർക്ക് വിമാനത്താവളത്തിൽ ആന്റി ബോഡി ടെസ്റ്റ് നടത്തും. ഇതിനുള്ള കിറ്റുകൾ വിമാനത്താവളങ്ങളിലെത്തിച്ചു.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങളുണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആന്റി ബോഡികൾ കണ്ടെത്തുകയാണെങ്കിൽ പിസിആർ ടെസ്റ്റ് കൂടി നടത്തും. ആന്റിബോഡികൾ കാണാത്ത നെഗറ്റീവ് റിസൾട്ടുള്ളവർക്ക് രോഗമില്ലെന്ന് തീർത്തും പറയാനാവില്ല. രോഗാണു ശരീരത്തിലുള്ളവരിൽ രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. അതുകൊണ്ട് ആന്റി ബോഡി ടെസ്റ്റ് നെഗറ്റീവാകുന്നവർ തെറ്റായ സുരക്ഷാ ബോധത്തിൽ കഴിയാൻ പാടില്ല. അവർക്ക് പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ല. അവരും കർശനമായ സമ്പർക്ക വിലക്കിൽ ഏർപ്പെടണം. ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേർഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 വിമാനങ്ങളാണ് വിദേശത്തു നിന്നെത്തിയത്.

പ്രവാസികളിലെ

രോഗനിരക്ക്

താജികിസ്ഥാൻ 18.18%

റഷ്യ 9.72%

നൈജീരിയ 6.51%

കുവൈറ്റ് 5.99%

സൗദി 2.33%

യുഎഇ 1.6%

ഖത്തർ 1.56%

ഒമാൻ 0.78%