തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ കുത്തനെ ഉയർത്തി പണം തട്ടിയ കെ.എസ്.ഇ.ബി, പ്രതിഷേധവും സർക്കാർ നിർദ്ദേശവും കണക്കിലെടുത്ത് തെറ്റുതിരുത്തി പുതിയ ഉത്തരവിറക്കി.
പത്രമാദ്ധ്യമങ്ങളുടെ കടുത്ത വിമർശനങ്ങളും, സോഷ്യൽ മീഡിയയിലെ അവഹേളനങ്ങളും, ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കെ.എസ്. ഇ.ബി. ജീവനക്കാർക്കും ഒാഫീസിനും നേരെയുണ്ടായ കൈയേറ്റശ്രമങ്ങളുമെല്ലാം കണക്കിലെടുത്താണ് ഇന്നലെ ചേർന്ന ബോർഡ് യോഗമാണ് ബിൽ തുക കുറയ്ക്കാനുള്ള നടപടികളെടുത്തതെന്ന് ഉത്തരവിലുണ്ട്. പുതിയ മാനദണ്ഡങ്ങളനുസരിച്ചുള്ള തിരുത്തിയ ബില്ലുകളാവും ജൂലായ് മുതൽ ലഭിക്കുക. ഇതിനകം പണമടച്ചവർക്ക് കൗണ്ടറിൽ തന്നെ ബിൽ തിരുത്തി നൽകാനും, ഒാൺലൈനിൽ പണമടച്ചവർക്ക് വരുന്നമാസങ്ങളിലെ ബില്ലിൽ കുറച്ച് നൽകാനും നിർദ്ദേശമുണ്ട്. മൂന്ന് തവണയായും അഞ്ച് തവണയായും ഒാൺലൈൻ മുഖേന പണമടയ്ക്കുന്നവർക്ക് സൗകര്യമൊരുക്കാൻ സോഫ്റ്റ് വെയറിലും മാറ്റം വരുത്തി.
ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബില്ലിലാണ് ഇളവ് . പ്രതിമാസ ഉപഭോഗം 40 യൂണിറ്റ് വരെയുള്ളവർക്ക് ഉപയോഗിച്ച വൈദ്യുതി മുഴുവൻ സൗജന്യമായും 80 യൂണിറ്റ് വരെയുള്ളവർക്ക് 1.5 രൂപ യൂണിറ്റ് നിരക്കിലും പ്രതിമാസ ഉപഭോഗം 50 യൂണിറ്റ് വരെയുള്ളവർക്ക് അതിന് മുകളിലുള്ള ഉപയോഗത്തിൽ 50 ശതമാനവും 100 യൂണിറ്റ് വരെയുള്ളവർക്ക് അതിനുമുകളിലുളള ഉപഭോഗത്തിന്റെ 30 ശതമാനവും 150 യൂണിറ്റ് വരെയുള്ളവർക്ക് അതിന് മുകളിലുള്ള ഉപഭോഗത്തിന്റെ 25 ശതമാനവും 150 ന് മുകളിൽ ഉപഭോഗമുള്ളവർക്ക് അതിന് മുകളിലുള്ള ഉപഭോഗത്തിന്റെ 20 ശതമാനവുമാണ് ഇളവ്. കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കിൽ അടുത്ത ബില്ലിൽ കുറച്ച് നൽകും. അല്ലാത്തവരിൽ നിന്ന് തിരുത്തിയ ബില്ലനുസരിച്ചുള്ള തുക സ്വീകരിക്കും.
നാല് മാസത്തെ റീഡിംഗെടുത്തപ്പോൾ സ്ളാബ് മാറ്റേണ്ടി വന്നതും, സർക്കാർ സബ്സിഡി ഒഴിവായതുമാണ് ബിൽതുക കൂടാനിടയാക്കിയതെന്ന് ബോർഡ് യോഗം വിലയിരുത്തി. ചില കേസുകളിൽ ബിൽ കണക്കാക്കിയതിൽ പിശകും സംഭവിച്ചു.