തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും , ആർക്കും ഒരിളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹന പരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. രാത്രി ഒൻപതിന് ശേഷമുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. മാസ്‌ക്കും ഹെൽമെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കാണ്. പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനാസ്ഥലങ്ങളും അവർ ഇടയ്ക്കിടെ സന്ദർശിക്കും. ക്വാറൻറൈൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കാതെ വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കും.