തിരുവനന്തപുരം: ലോക്ക് ഡൗണിലും എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കിയത് കേരളത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10, 12 ക്ലാസുകളിലെ സി.ബി.എസ്ഇ., ഐ.സി.എസ്.ഇ ബാക്കി പരീക്ഷകൾ റദ്ദാക്കിയെങ്കിലും കേരളത്തിലെ പരീക്ഷകൾ മേയ് അവസാനവാരം കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് സുഗമമായി നടത്തി. ഇന്ത്യയിൽ ആദ്യമായി പരീക്ഷകൾ പൂർത്തീകരിക്കാൻ കഴിഞ്ഞത് കേരളത്തിനാണ്. മൂല്യനിർണ്ണയവും പൂർത്തിയാക്കി. ജൂൺ 30ന് എസ്എസ്എൽസി ഫലവും ജൂലായ് 10ന് മുമ്പ് പ്ലസ്ടു ഫലവും പ്രസിദ്ധീകരിക്കും.
ജൂൺ ഒന്നിനു തന്നെ ഇന്ത്യയിലാദ്യമായി ഓൺലൈൻ സ്കൂൾ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞതും നമ്മുടെ നേട്ടമാണ്. അതീവ ജാഗ്രതയോടെ നടത്തിയ പരീക്ഷ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.പരീക്ഷ നടത്താൻ തീരുമാനിച്ചപ്പോൾ ചില കേന്ദ്രങ്ങൾ ഉയർത്തിയ എതിർപ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓർമയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുകയെന്ന മാനസികാവസ്ഥ ചിലർ ഇപ്പോഴും തുടരുന്നതുകൊണ്ടാണിത് ഓർമിപ്പിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.