തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പൊലീസ് നിയന്ത്റണങ്ങൾ കർശനമാക്കുന്നു. ഇതുവരെ ബോധവത്കരണത്തിനാണ് ശ്രമിച്ചതെന്നും ഇനി അതുണ്ടാകില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ വ്യക്തമാക്കി.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കണ്ടാൽ നിയമ നടപടി സ്വീകരിക്കും. കേസും അറസ്റ്റും പിഴയും ഉണ്ടാകും. കടകളിൽ അഞ്ചുപേർ മാത്രമേ ഒരേസമയം ഉണ്ടാകാവൂ. വലിയ കടകളിലാണെങ്കിൽ അതിനനുസരിച്ചായിരിക്കണം ആളുകൾ. വാഹനങ്ങളിൽ പരിധിയിൽ കൂടുതൽപേർ സഞ്ചരിച്ചാൽ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കും. റോഡിൽ ബാരിക്കേഡുകൾ സ്ഥാപക്കും. കണ്ടെയിൻമെന്റ് പ്രദേശങ്ങളിലേക്ക് ആരെയും കടത്തിവിടില്ല. പുറത്തേക്ക് പോകാനും അനുവാദമില്ല.
സാങ്കേതിക വിഭാഗത്തിൽപ്പെട്ടവരൊഴികെ, ബാന്റ്, ടെലികമ്മ്യൂണിക്കേഷൻ, ക്രൈം ബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പൊലീസുകാരും കൊവിഡ് ഡ്യൂട്ടിയിലാണ്. 61000 പൊലീസുകാരിൽ 90 ശതമാനം പേരും രംഗത്തുണ്ട്.
അന്യസംസ്ഥാന
തൊഴിലാളികളെ
തടയരുത്
തിരുവനന്തപുരം: തൊഴിൽ അന്വേഷിച്ച് കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന അന്യസംസ്ഥാന ത്തൊഴിലാളികളെ അതിർത്തിയിൽ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. വരുന്നവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റണം.