haneefa

കവർന്നത് 2,15,000 രൂപയും മൊബൈൽഫോണുകളും

വ്യാപാരി കവർച്ചയ്ക്ക് ഇരയാകുന്നത് രണ്ടാം തവണ

കാസർകോട്: കാറിലെത്തിയ സംഘം സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് 2,15,000 രൂപയും മൊബൈൽഫോണുകളും കൊള്ളയടിച്ചു. ചക്കരബസാറിൽ പഴയ സ്വർണ്ണം എടുത്ത് വിൽപ്പന നടത്തുന്ന കടയുടെ ഉടമസ്ഥനായ പാക്യാര ബദരിയ നഗറിലെ ഹനീഫയുടെ പണവും രണ്ട് മൊബൈൽഫോണുകളുമാണ് കവർച്ച ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം. കടയടച്ച് ഹനീഫ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഉദുമ പാക്യാര കുന്നിൽ രക്തേശ്വരി ക്ഷേത്രത്തിന് സമീപം വെള്ള സ്വിഫ്റ്റ് കാറിലെത്തി നിലയുറപ്പിച്ചിരുന്ന സംഘം ഹനീഫയെ തടഞ്ഞു. സ്‌കൂട്ടർ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിച്ച് പാന്റിന്റെ കീശയിലുണ്ടായിരുന്ന പണവും മൊബൈൽഫോണുകളും തട്ടിയെടുത്തുവെന്നാണ് പരാതി. ഹനീഫയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അക്രമികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രതികൾ കണ്ണംകുളം ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച സൂചന. രണ്ട് വർഷം മുമ്പും ഹനീഫയെ ഇതേ സ്ഥലത്ത് ആക്രമിച്ച് ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആ സംഭവത്തിലും ആരെയും പിടികൂടിയിരുന്നില്ല. രണ്ടു സംഭവത്തിന് പിന്നിലും ഒരേ സംഘം തന്നെയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.


സി സി ടി വി ദൃശ്യം പരിശോധിച്ചു

സംഭവ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ ബേക്കൽ പൊലീസ് പരിശോധിച്ചുവെങ്കിലും അക്രമികളെ തിരിച്ചറിയുന്ന വിധത്തിലുള്ള തെളിവുകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കാറിൽ എത്തിയ സംഘം ഏത് വഴിക്കാണ് രക്ഷപ്പെട്ടതെന്നും വ്യക്തമായിട്ടില്ല. ബേക്കൽ ഇൻസ്‌പെക്ടർ പി. നാരായണൻ, എസ്.ഐ പി അജിത് കുമാർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.