പൂവാർ: കഴക്കൂട്ടം - കാരോട് ബൈപ്പാസ് കടന്നു പോകുന്ന കഴിവൂർ പ്ലാവിളയിൽ ഓവർ ബ്രിഡ്ജ് പണിയണം എന്ന നാട്ടുകരുടെ ആവശ്യം ശക്തമാകുന്നു. നെല്ലിമൂട് - പ്ലാവിള - പറയൻവിളാകം റോഡിലാണ് ഓവർ ബ്രിഡ്ജ് എന്ന ആവശ്യമായിരിക്കുന്നത്. വേങ്ങപ്പൊറ്റ നിന്നും കല്ലുമലയിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന്റെ പണി പ്ലാവിളയിൽ നിലവിലുള്ള പി.ഡബ്ല്യൂ.ഡി റോഡ് മുറിച്ചു മാറ്റിയാൽ മാത്രമെ പൂർത്തിയാക്കാനാകു. സമാന്യം ഗതാഗത തിരക്ക് അനുഭവപ്പെടാറുള്ള റോഡ് മുറിക്കുമ്പോൾ ബസ് സർവീസ് ഉൾപ്പെടയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുംവിധമുള്ള ഓവർ ബ്രിഡ്ജ് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നെല്ലിമുട് നിന്നും മുലയൻതാന്നി, കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ, പ്ലാവിള, താഴങ്കാട്, പറയൻവിളാകം, കാഞ്ഞിരംകുളം വരെ നീളുന്ന റോഡാണിത്. നെല്ലിമൂട് കോൺവെന്റ്, ന്യൂ ഹൈസ്കൂൾ, കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ എന്നിവിടക്കളിലേക്ക് കുട്ടികൾക്ക് വേഗത്തിൽ എത്താനും ഇതിലൂടെ സാധിക്കും. മുലയൻതാന്നി ദേവീക്ഷേത്രം, പറയൻവിളാകം ക്ഷേത്രം, കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. കോളേജ്, പൊലീസ് സ്റ്റേഷൻ, ഗ്രാമ പഞ്ചായത്ത് ഓഫീസ് തുടങ്ങിയിടങ്ങളിൽ നാട്ടുകാർക്ക് യാത്ര ചെയ്യാനും ഈ റോഡ് അനിവാര്യമാണ്. 2009-ൽ പൂവാർ ഡിപ്പോയിൽ നിന്നും മരപ്പാലം, പ്ലാവിള, നെല്ലിമൂട് ,തിരുവനന്തപുരം ബസ് സർവീസ് ഈ റൂട്ടിൽ ഉണ്ടായിരുന്നതാണ്. കുട്ടികൾക്ക് സമയത്തിന് സ്കൂളിലെത്തുന്നതിനും രോഗബാധിതരെയും വാർദ്ധക്യമെത്തിയവരെയും ആശുപത്രികളിൽ എത്തിക്കാനും ഇവിടെ ഓവർ ബ്രിഡ്ജ് അനിവാര്യമാണ്. ഇല്ലെങ്കിൽ കാഞ്ഞിരംകുളത്തേക്കും നെല്ലിമൂട്ടിലേക്കും പോകാൻ പോലും നാട്ടുകാർ വേങ്ങപ്പൊറ്റ വഴി കുറഞ്ഞത് 2 കിലോമീറ്ററിൽ അധികം ചുറ്റി സഞ്ചരിക്കേണ്ടി വരും.
റോഡ് മുറിക്കാൻ ശ്രമിച്ചെങ്കിലും
ഓവർ ബ്രിഡ്ജിന്റെ അവശ്യകത ചൂണ്ടിക്കാണിച്ച് നാഷണൽ ഹൈവേ അതോറിറ്റി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരവധി തവണ നിവേദനം നൽകിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. എന്നാൽ നിലവിലുള്ള റോഡ് മുറിക്കുവാൻ നിർമ്മാണ കമ്പനി നിരവധി തവണ ശ്രമിച്ചിരുന്നു. സർവ്വസന്നാഹങ്ങളുമായി എത്തിയ കമ്പനിക്കെതിരെ ജനകീയ പ്രതിരോധം തീർത്തുകൊണ്ട് ചെറുത്ത് തോൽപ്പിക്കുകയായിരുന്നു. നാട്ടുകാരുടെയും ആക്ഷൻ കൗൺസിലിന്റെയും സംഘടിതമായ ചെറുത്തുനിൽപ്പിനെ അവഗണിച്ച് റോഡ് മുറിക്കാൻ അവർക്കായില്ല.