പാലോട്:പ്ളാസ്റ്രിക്കും അറവ് മാലിന്യങ്ങളും അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായി മാറിയിരിക്കുകയാണ്. പാലോട്,ചെറ്റച്ചൽ,താവയ്ക്കൽ,കുണ്ടാംളംകുഴി എന്നിവിടങ്ങളിലേക്ക് ജലം എത്തുന്നത് വാമനപുരം നദിയിൽ നിന്നാണ്. ഈ നദിയാണ് ഇന്ന് മാലിന്യവാഹിനിയായി മാറിയിരിക്കുന്നത്. വാമനപുരം നദിയിൽ നിന്ന് ശേഖരിച്ച് വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ രാസ പരിശോധന നടന്നിട്ട് കാലങ്ങളേറെ ആയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിലൂടെ സംഭവിക്കാൻ സാദ്ധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പാലോട് ആറ്റുകടവിലുള്ള ജലസംഭരണിയിൽ നിന്നു ശേഖരിക്കുന്ന ജലം നന്ദിയോട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള ടാങ്കിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നത്. ഈ ടാങ്കിന്റെ മേൽമൂടിയുടെ ഒരു ഭാഗം തകരാറിലായിട്ട് വർഷങ്ങളായെങ്കിലും ഇത് പരിഹരിക്കാനായി വാട്ടർ അതോറിട്ടിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൂടാതെ ഈ ടാങ്ക് വൃത്തിയാക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.എന്നാൽ ടാങ്ക് രണ്ട് മാസം മുൻപ് വൃത്തിയാക്കിയെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ ഈ പ്രദേശത്ത് നന്ദിയോട് - പാലുവള്ളി റോഡ്, നന്ദിയോട് - ചെറ്റച്ചൽ റോഡ് എന്നിങ്ങനെ രണ്ട് റോഡുകളുടെ പണികൾ നടക്കുന്നുണ്ട്. ഇവിടങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. റോഡ് പണിയുടെ കരാറുകാരൻ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള തുക വാട്ടർ അതോറിട്ടിക്ക് നൽകിയെങ്കിലും പൈപ്പിന്റെ ഗുണനിലവാര പരിശോധന കഴിഞ്ഞാൽ മാത്രമേ പണികൾ ആരംഭിക്കൂ എന്നാണ് അധികാരികളുടെ മറുപടി. അതിനാൽ തന്നെ റോഡിൽ പൈപ്പിടൽ കഴിഞ്ഞാലേ ടാറിംഗ് ജോലികൾ പൂർത്തിയാക്കാൻ കഴിയൂ. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇതുവഴിയുള്ള ഗതാഗതവും നിലച്ച മട്ടാണ്.
അവഗണന അവസാനിപ്പിക്കണം
ഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തോടെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ പ്രഖ്യാപിച്ച് 2009 ൽ ആരംഭിച്ച 60 കോടിയുടെ നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി നടത്തിപ്പും വാട്ടർ അതോറിട്ടിക്കായിരുന്നു. ഇതും ഏകദേശം നിലച്ച മട്ടാണ്. പദ്ധതി പ്രദേശങ്ങൾ കാടുമൂടി കിടന്നിട്ടും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. നന്ദിയോട് പഞ്ചായത്ത് 27 ലക്ഷം രൂപയ്ക്ക് 40 സെന്റ് സ്ഥലം കുടിവെള്ള പദ്ധതിക്കായി വാങ്ങി നൽകിയിട്ടും ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണത്തിനായ് നാളിതുവരെ യാതൊരു നടപടിയും സ്വീകരിക്കാതെ പദ്ധതി നിശ്ചലമാക്കാൻ പ്രധാന പങ്ക് വഹിച്ചതും ഇതേ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ്. ശുദ്ധമായ കുടിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള സർക്കാർ നടപടികളാണ് വാട്ടർ അതോറിട്ടിയുടെ മെല്ലെപ്പോക്ക് കാരണം അനിശ്ചിതാവസ്ഥയിലായത്.
നന്ദിയോട് - ചെറ്റച്ചൽ റോഡ് നിർമ്മാണത്തിന് അനുവദിച്ചത്- 9.68 കോടി
നന്ദിയോട് - പാലുവള്ളി റോഡ് നിർമ്മാണത്തിന് അനുവദിച്ചത് - 4 കോടി
റോഡ് നവീകരണത്തിന്റെ ഭാഗമായി പൈപ്പ് മാറാൻ വാട്ടർ അതോറിട്ടിക്ക് കരാറുകാരൻ നൽകിയത് - 19 ലക്ഷം