exam

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ദുബായ് കേന്ദ്രത്തിൽ നടത്താനുള്ള ചുമതല യു.എ.ഇയിലെ ഇന്ത്യൻ എംബസി ഏറ്റെടുത്തു. ജൂലായ് 16ന് നടക്കുന്ന രണ്ട് പരീക്ഷകളും ഇന്ത്യൻ കോൺസൽ ജനറലിന്റെ മേൽനോട്ടത്തിൽ ദുബായ് ന്യൂ ഇന്ത്യൻ സ്കൂളിൽ നടത്തും.

പരീക്ഷാഹാളുകൾ കാമറ നിരീക്ഷണത്തിലാക്കും. പരീക്ഷകൾ തത്സമയം തിരുവനന്തപുരത്തെ എൻട്രൻസ് കമ്മിഷണറേറ്റിൽ വലിയ സ്ക്രീനുകളിൽ നിരീക്ഷിക്കും. നേരത്തേ അപേക്ഷിച്ചിരുന്ന മുന്നൂറ് വിദ്യാർത്ഥികളും, അവധിയാഘോഷിക്കാൻ ദുബായിലെത്തി കുടുങ്ങിപ്പോയവരും ഉൾപ്പെടെ അറുന്നൂറോളം കുട്ടികൾ പരീക്ഷയെഴുതും. വിമാന സർവീസുകൾ കുറവായതിനാൽ പരീക്ഷയ്ക്ക് നാട്ടിലെത്താനാവുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും. കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ലഭിച്ചവർക്കും ദുബായിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സർക്കാർ അനുമതി നൽകി.

എൻട്രൻസ് ചോദ്യപേപ്പറും ഒ.എം.ആർ ഷീറ്റും എയർകാർഗോയിൽ സീൽ ചെയ്ത് ദുബായിലേക്ക് അയയ്ക്കും. ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഏറ്റുവാങ്ങി ലോക്കറിലാക്കും. പരീക്ഷയ്ക്ക് തൊട്ടുമുൻപ് സ്കൂളിലെത്തിക്കും. ഹാളുകളിൽ ഇൻ-കാമറ സംവിധാനമേർപ്പെടുത്തും. പരീക്ഷ തീർന്നാലുടൻ ഒ.എം.ആർ ഷീറ്റുകൾ സീൽ ചെയ്ത് തിരുവനന്തപുരത്തേക്കയയ്ക്കും. ചോദ്യപ്പേപ്പർ വാങ്ങാനും ഉത്തരക്കടലാസ് അയയ്ക്കാനും വിമാനത്താവളത്തിൽ ഗ്രീൻ ചാനൽ സൗകര്യം സജ്ജമാക്കും.

എൻട്രൻസ് കമ്മിഷണറേറ്റ് ഉദ്യോഗസ്ഥരടങ്ങിയ സംഘം ദുബായിലെത്തിയാണ് പരീക്ഷ നടത്തിയിരുന്നത്. കൊവിഡായതിനാൽ ഉദ്യോഗസ്ഥർക്ക് യു.എ.ഇ യാത്രാനുമതി നൽകിയില്ല. പരീക്ഷ ഓൺലൈനാക്കാൻ സർക്കാർ ആലോചിച്ചെങ്കിലും, ജെ.ഇ.ഇ മാതൃകയിൽ വ്യത്യസ്ത ചോദ്യപ്പേപ്പർ വേണമെന്നതും മൂല്യനിർണയ, സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ച് വേണ്ടെന്നു വച്ചു.

അതേസമയം, ഡൽഹിയിലും മുബയിലും എൻട്രൻസ് പരീക്ഷ നടത്തുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. വൻതോതിൽ രോഗവ്യാപനമുള്ള അവിടെ പരീക്ഷ നടത്താൻ അനുമതി ലഭിച്ചിട്ടില്ല.

പരീക്ഷ :

*പേപ്പർ 1- ഫിസിക്സ്, കെമിസ്ട്രി- രാവിലെ 10-12.30

*പേപ്പർ 2- മാത്തമാറ്റിക്സ്- ഉച്ചയ്ക്ക് 2.30- 5

അപേക്ഷകർ:

*എൻജി. -89167

*ഫാർമസി -63534

''ദുബായിൽ പരീക്ഷ സുരക്ഷിതമായി നടത്താനാവും. പരീക്ഷാകേന്ദ്രം ഞാൻ നേരത്തേ

പരിശോധിച്ചിട്ടുള്ളതാണ്.''

-എ.ഗീത

എൻട്രൻസ് കമ്മിഷണർ