പാലോട്: വെള്ളത്തിൽ വീണ് മരിച്ച വിതുര ഗവ. യു പി സ്കൂൾ അദ്ധ്യാപകനും നന്ദിയോട് ഓട്ടുപാലം കല്ലണയിൽ അത്തം ഹൗസിൽ ബിനുകുമാറിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ഷിബുകുമാർ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി. വെള്ളത്തിൽ വീണ വെള്ളിയാഴ്ച രാത്രി ഏകദേശം 9.25വരെ ബിനുകുമാർ നന്ദിയോട്ടുള്ള സ്വകാര്യ ട്യൂഷൻ സെന്ററിൽ സുഹൃത്തുക്കളുമായി ഉണ്ടായിരുന്നു. 9.30 ന് സഹപ്രവർത്തകന്റെ ബൈക്കിൽ പയറ്റടി ബലിക്കടവിന് സമീപത്തെത്തി. ഇവിടെ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് 300 മീറ്റർ മാത്രമാണുള്ളത്. രാത്രി 9.50 ന് ബിനുവിന്റെ ഭാര്യ സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ബിനു എത്തിയില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഈ വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു. രാത്രി ഒരു മണി വരെ സമീപവാസികളുടെ സഹകരണത്തോടെ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും പിറ്റേന്ന് രാവിലെ പാലോട് പൊലീസ് സ്റ്റേഷനു സമീപത്തെ പണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴയുണ്ടായിരുന്നതിനാൽ നീരൊഴുക്ക് ശക്തമായിരുന്നു. ബിനു വീണു എന്ന് കരുതുന്ന സ്ഥലത്തു നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ വലിയ ഒരു മുറിവുണ്ടായിരുന്നു. ഇതാണ് മരണത്തിൽ കലാശിച്ചതെന്നാണ് സംശയം. വെള്ളിയാഴ്ച രാത്രി 9.30 നും 9.50 നും എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചാൽ മാത്രമേ സംഭവം വ്യക്തമാവൂ. ബിനുവിന്റെ ഫോണും ഇതുവരെ കണ്ടെത്തിയിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തി മരണത്തിന് ഉത്തരവാദികള കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.