തിരുവനന്തപുരം: ഒാർഡിനറി ബസ്സിൽ മിനിമം ചാർജ് നിലവിലെ 8 രൂപയിൽ കൂട്ടാതെ, ബസ് ചാർജ്
വർദ്ധിപ്പിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ജൂലായ് ഒന്നു മുതൽ വർദ്ധന നടപ്പിലാവും.
മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ (രണ്ട് ഫെയർ സ്റ്റേജ്) നിന്ന് രണ്ടരയായി (ഒരു ഫെയർ സ്റ്റേജ്) കുറയ്ക്കും.കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്നും 90 പൈസയാക്കി വർദ്ധിപ്പിക്കും. വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന് 3 രൂപയാക്കും., പിന്നീടുളള ടിക്കറ്റിൽ 30% വർദ്ധന.അടുത്ത മാസം ഒന്നു മുതൽ വർദ്ധനവ് നടപ്പിൽവരും.
കൊവിഡ് കാല ബസ് ചാർജ് വർദ്ധനവിനായി ഇന്നലെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഷ്കരിച്ചാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വർദ്ധനയ്ക്ക് രൂപം നൽകിയത്. വൈകിട്ട് മൂന്നോടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. മന്ത്രിസഭയുടെ അനുമതിയോടെ നടപ്പിലാക്കും.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ചാർജ് വർദ്ധനവിന് രണ്ട് മാർഗങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. ആദ്യത്തേതിൽ മിനിമം നിരക്ക് 12 രൂപ, കിലോമീറ്ററിന് 30% വർദ്ധന, കിലോമീറ്റർ നിരക്ക് 90 പൈസ, കിലോമീറ്ററിന് 30% വർദ്ധന . രണ്ടാമത്തേതിൽ മിനിമം നിരക്ക് 10 രൂപ., കിലോമീറ്റർ നിരക്ക് 1.10 രൂപ.. 50 % വർദ്ധ. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കണമെന്നും, നിരക്കിൽ 50% വർദ്ധനവ് വേണമെന്നുമായിരുന്നു ശുപാർശ. കൊവിഡ് ബാധയെ തുടർന്ന് യാത്രക്കാർ കുറഞ്ഞതും ,ബസിൽ നിന്നുള്ള യാത്ര വിലക്കിയതും , ഡീസൽ വിലയിലെ വൻ വർദ്ധനയുമാണ് ബസ് ചാർജ് വർദ്ധനയ്ക്ക് കാരണമായത്.
ഒാർഡിനറിയിലെ
വർദ്ധന -രൂപയിൽ
(നിലവിൽ - പുതിയത്)
8 --- 8 (ഒന്നാം ഫെയർ സ്റ്റേജ്)
8 --- 10 ( രണ്ടാം ഫെയർ സ്റ്റേജ്)
10 --- 13
12 --- 15
13 --- 17
15 --- 19
16 --- 22
18 --- 24
20 --- 25
24 ---- 28
26 ---- 33
29 --- 37
31 ---- 39
33 ---- 42