cbse

കൊവിഡ് മഹാമാരി ആകെ അലങ്കോലമാക്കിയ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡ് പരീക്ഷകളുടെ കാര്യത്തിൽ അവസാനം ഒരു തീർപ്പുണ്ടായിരിക്കുന്നു. രണ്ടു ബോർഡുകളും അവശേഷിക്കുന്ന പത്തും പന്ത്രണ്ടും ക്ളാസുകളിലെ പരീക്ഷകൾ റദ്ദാക്കാൻ അന്തിമമായി തീരുമാനമെടുത്തു. പരീക്ഷ പൂർത്തിയായ ഇടങ്ങളിൽ മൂല്യനിർണയം നടത്തി ഗ്രേഡ് നിർണയിക്കും. പൂർത്തിയാക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ക്ളാസ് പരീക്ഷകളിൽ നേടിയ മാർക്കിന്റെ ശരാശരി കണക്കാക്കി യോഗ്യത നിശ്ചയിക്കും. റദ്ദാക്കിയ വിഷയങ്ങൾക്ക് ഇതനുസരിച്ചാകും മാർക്ക് നൽകുക. പുതിയ അസസ്‌മെന്റ് മാനദണ്ഡ പ്രകാരമാകും പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ ഗ്രേഡ് നിർണയം. ജൂലായ് 15-നകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.. അസസ്‌മെന്റ് മാനദണ്ഡങ്ങൾ വിശദമായി രണ്ട് ബോർഡുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

പരീക്ഷാ നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട് കേന്ദ്ര പരീക്ഷാ ബോർഡുകൾ സമർപ്പിച്ച മാർഗരേഖ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതാനും കുട്ടികളുടെ രക്ഷാകർത്താക്കൾ സമർപ്പിച്ചിരുന്ന ഹർജികൾ പ്രശ്നത്തിന് പരിഹാര നടപടികളായതിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളുകയും ചെയ്തു. ഇതോടെ ആഴ്ചകളായി തുടരുന്ന അനിശ്ചിതത്വത്തിനാണ് അറുതിയായിരിക്കുന്നത്. നീണ്ടുനീണ്ടുപോയ പരീക്ഷയും ഫലപ്രഖ്യാപനവും കുട്ടികളെയും രക്ഷാകർത്താക്കളെയും കുറച്ചൊന്നുമല്ല ആശങ്കയിലാഴ്‌ത്തിയിരുന്നത്.

കൊവിഡ് അനിശ്ചിതത്വത്തിനു നടുവിൽ പരീക്ഷാ നടത്തിപ്പ് ഒട്ടും സുഗമമാവില്ലെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് ഇനിയുള്ള പരീക്ഷ റദ്ദാക്കി ഫലപ്രഖ്യാപന നടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനം. കേരളം ഉൾപ്പെടുന്ന സി.ബി.എസ്.ഇ മേഖലയിൽ പത്താം ക്ളാസ് പരീക്ഷ മാർച്ച് അവസാനം പൂർത്തിയായിരുന്നു. പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ ഏതാനും വിഷയമേ ശേഷിച്ചിരുന്നുള്ളൂ. അതുകൊണ്ട് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസത്തിനു വകയുണ്ട്. പൂർത്തിയായ പരീക്ഷയുടെ മൂല്യനിർണയം നടത്തി ഫലപ്രഖ്യാപനം നടത്താനാകും. പന്ത്രണ്ടാം ക്ളാസിൽ ഇതിനകം നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലോ കഴിഞ്ഞ മൂന്നു ക്ളാസ് പരീക്ഷകളുടെ അടിസ്ഥാനത്തിലോ ആകും ഗ്രേഡ് നിശ്ചയിക്കുക. ഗ്രേഡ് കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് കൊവിഡ് സ്ഥിതി മെച്ചപ്പെടുമ്പോൾ ഇതിനകം എഴുതാൻ കഴിയാതിരുന്ന വിഷയത്തിൽ പരീക്ഷ എഴുതാൻ അവസരം നൽകും. കാലേകൂട്ടി ഇതിനുള്ള ഓപ്‌ഷൻ നൽകേണ്ടിവരും. സ്ഥിതി അനുകൂലമല്ലെന്നു കണ്ടാൽ പരീക്ഷ റദ്ദാക്കാനുള്ള അധികാരവും കേന്ദ്ര പരീക്ഷാ ബോർഡുകൾക്കുണ്ടായിരിക്കും.

നിലവിലെ സാഹചര്യങ്ങളിൽ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിത തീരുമാനമാണ് കേന്ദ്ര പരീക്ഷാ ബോർഡുകളിൽ നിന്നുണ്ടായിരിക്കുന്നത്. എങ്കിലും ഗ്രേഡ് നിർണയിക്കുന്നതിനു സ്വീകരിക്കുന്ന മാനദണ്ഡം പലർക്കും ഉൾക്കൊള്ളാൻ വിഷമമായിരിക്കും. ക്ളാസ് പരീക്ഷകളിലെ മാർക്ക് ശരാശരിയെടുക്കുന്ന കേസുകളിലാവും ഇതു കൂടുതൽ പ്രകടമാവുക. ഏറ്റവും മികച്ച പ്രകടനം എപ്പോഴും അവസാന പരീക്ഷയിലാവുമല്ലോ സാധാരണ കാണാറുള്ളത്. ആ അവസരം നഷ്ടമാകുന്നതോടെ കുറഞ്ഞ പ്രകടനം മാത്രം കാഴ്ചവച്ച ക്ളാസ് പരീക്ഷകളിലെ മാർക്ക് ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് പ്രതികൂലമായി ഭവിക്കാം. പരീക്ഷാ നടപടികൾ പൂർത്തിയാക്കാൻ ഇപ്പോൾ ഇതല്ലാതെ വഴിയില്ലെന്നോർക്കുമ്പോൾ പൊതുവേ സ്വീകാര്യമായ മാനദണ്ഡങ്ങൾ തന്നെയാണ് കേന്ദ്ര ബോർഡുകൾ മുന്നോട്ടുവച്ചിരിക്കുന്നത്. ജൂലായിലാണ് 'നീറ്റ്" ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ. മെഡിക്കൽ പ്രവേശനത്തിനുള്ള 'നീറ്റ്" പരീക്ഷ ജൂലായ് 26-നും അഖിലേന്ത്യാ എൻജിനിയറിംഗ് - ആർക്കിടെക്‌ചർ പ്രവേശന പരീക്ഷ ജൂലായ് 18 മുതൽ 23 വരെയും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീയതികൾ ഇനിയും മാറ്റിക്കുറിക്കേണ്ടിവരുമോ എന്നു നിശ്ചയമില്ല. ഉപരിപഠനവുമായി ബന്ധപ്പെട്ട വേറെയും നിരവധി പ്രവേശന പരീക്ഷകൾ ജൂലായ് - ആഗസ്റ്റ് മാസങ്ങളിൽ നടക്കേണ്ടതാണ്.

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് പ്ളസ് ടുവിലെ മൂന്നു ശാസ്ത്ര വിഷയങ്ങളുടെ മാർക്ക് കൂടി പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. പരീക്ഷ ചില മേഖലകളിൽ പൂർത്തിയാകാത്ത സാഹചര്യത്തിൽ കേരള എൻജിനിയറിംഗ് പ്രവേശനം സാങ്കേതിക കുരുക്കിൽപ്പെടുമോ എന്ന് ആശങ്കയുണ്ട്. കാലേകൂട്ടി ഈ വക കാര്യങ്ങളിൽ സർക്കാർ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. അതുപോലെ ബിരുദ പ്രവേശന വിഷയത്തിലും മുമ്പു കാണാത്ത കുരുക്കുകൾ ഇത്തവണ കടന്നുവന്നേക്കാം. പ്രശ്നങ്ങൾ മുൻകൂട്ടി മനസിലാക്കി ഇപ്പോഴേ വ്യക്തമായ തീരുമാനങ്ങളെടുത്തില്ലെങ്കിൽ കുട്ടികളും രക്ഷിതാക്കളും ഏറെ വലയും. ഇത്തരമൊരു സാഹചര്യമുണ്ടാക്കരുത്.

സംസ്ഥാനത്തെ ബിരുദ പ്രവേശനത്തിൽ കേന്ദ്ര ബോർഡ് വിദ്യാർത്ഥികൾ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നുള്ളത് വസ്തുതയാണ്. മൂല്യനിർണയത്തിലെ വ്യത്യസ്ത മാനദണ്ഡം കാരണം സംസ്ഥാന സിലബസിലെ കുട്ടികൾക്കാവും എപ്പോഴും മേൽക്കൈ ലഭിക്കാറുള്ളത്. ഈ യാഥാർത്ഥ്യം തിരിച്ചറിയാൻ തുടങ്ങിയതോടെ കൂടുതൽ കുട്ടികൾ കേന്ദ്ര സിലബസിൽ നിന്നു മാറി സംസ്ഥാന പാഠ്യക്രമത്തിലേക്കു വരുന്നുമുണ്ട്. കൊവിഡ് കാരണം രാജ്യത്തെല്ലായിടത്തും സർവകലാശാല പരീക്ഷകളും ബിരുദ പ്രവേശനവുമൊക്കെ തടസപ്പെട്ടിരിക്കുകയാണ്. സർവകലാശാലാ പരീക്ഷകൾ വീണ്ടും മാറ്റിവയ്ക്കാനാണു യു.ജി.സി നിർദ്ദേശം. കൊവിഡ് ഭീഷണി നിയന്ത്രിതമാകുന്ന മുറയ്ക്കേ കലാലയങ്ങൾ തുറക്കാനാവൂ. രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇപ്പോഴത്തെ അനിശ്ചിതത്വത്തിൽ നിന്ന് മോചിതമാകുന്നതും കാത്ത് പ്രതീക്ഷയോടെ ഇരിക്കാനേ കഴിയൂ.