 യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവിന്റെ തലയ്‌ക്ക് പരിക്ക്  ചെയർപേഴ്‌സണും ആശുപത്രിയിൽ

നെയ്യാറ്റിൻകര: ചെയർപേഴ്‌സണെതിരായ അഴിമതി ആരോപണത്തെ തുടർന്ന് കലുഷിതമായ നെയ്യാറ്റിൻകര നഗരസഭാ കൗൺസിലിൽ ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറി. കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സണുമായുണ്ടായ കൈയേറ്റത്തിനിടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലളിതാസോളമനെയും കുഴഞ്ഞുവീണ ചെയർപേഴ്‌സൺ ഡബ്ല്യു. ആർ. ഹീബയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെ നഗരസഭാ ഹാളിൽ കൗൺസിൽ യോഗം നടക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ 11നാണ് നഗരസഭാ യോഗം ചേരാൻ നോട്ടീസ് നൽകിയിരുന്നതെങ്കിലും 10.45ഓടെ ചെയർപേഴ്സൺ യോഗം ആരംഭിച്ചു. അജൻഡ പെട്ടെന്ന് ചർച്ച ചെയ്‌തവസാനിപ്പിച്ച് യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീ‌ഡർ ലളിതാസോളമെന്റെ നേതൃത്വത്തിൽ യു.ഡി.എഫ്.അംഗങ്ങൾ കൗൺസിൽ ഹാളിലെത്തിയപ്പോൾ യോഗം പിരിച്ചുവിട്ടതായി ചെയർപേഴ്സൺ അറിയിക്കുകയായിരുന്നു. ഇതോടെ ബഹളം തുടങ്ങി. ചെയർപേഴ്‌സണ് സംരക്ഷണം നൽകാൻ ഹാളിൽ നിൽക്കുകയായിരുന്ന മഫ്ടി പൊലീസുകാരെ ഒഴിവാക്കണമെന്ന യു.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യം ചെയർപേഴ്സൺ നിരാകരിച്ചതും തർക്കത്തിനിടയാക്കി. നഗരസഭയിൽ അഴിമതി നടക്കുന്നതായി ആരോപിച്ച് നഗരസഭാ കവാടത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന റിലേ സമരത്തെക്കുറിച്ച് പരാമർശിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വഴി മുടക്കി നിന്ന ലളിതയെ ചെയർപേഴ്സൺ ബലമായി പൊക്കിയെടുത്ത് എറിയുകയായിരുന്നെന്ന് കോൺഗ്രസ് കൗൺസിലർമാർ പറയുന്നു. എന്നാൽ ചെയർപേഴ്സണിന്റെ മുഖത്ത് ലളിതാസോമൻ ഇടിച്ചുപരിക്കേല്പിച്ചെന്നാണ് സി.പി.എം കൗൺസിലർമാരുടെ ആരോപണം. ലളിത കസേരയിൽ തലയിടിച്ചു വീണതറിഞ്ഞ യൂത്ത് കോൺഗ്രസിന്റെ സമരക്കാർ നഗരസഭാ ഹാളിലേക്ക് ഇരച്ചുകയറി. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇതിനിടെ ചെയർപേഴ്‌സൺ തളർന്നുവീഴുകയായിരുന്നു. രണ്ടുപേരെയും കൗൺസിലർമാരും പാർട്ടി പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസിന്റെ റിലേ സത്യാഗ്രഹ പന്തൽ പൊലീസ് പൊളിച്ചുനീക്കി.


ചെയർപേഴ്സൺ എത്തിയത്

പൊലീസ് കാവലിൽ

ഇന്നലെ രാവിലെ നടക്കാനിരുന്ന നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ ‌ഡബ്ല്യൂ.ആർ. ഹീബ പൊലീസ് കാവലിലായിരുന്നു പങ്കെടുക്കാനെത്തിയത്. ചെയർപേഴ്സണെ നഗരസഭാ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂക്കിവിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്‌തു.