manal

കിളിമാനൂർ:ഒരു ഗ്രാമത്തിന്റെ കുടിവെള്ളത്തിനായുള്ള നീണ്ട വർഷത്തെ കാത്തിരിപ്പിന് വിരാമമായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ മടവൂർ പഞ്ചായത്തിലെ മണലുവട്ടം പ്രദേശത്തെ മണലുവട്ടം കുടിവെള്ള പദ്ധതിയാണ് കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ജനങ്ങൾക്കായി തുറന്നു നൽകിയത്. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടിയാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വെള്ളം ശേഖരിച്ചിരുന്നത്. പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വർഷങ്ങളായി വേനൽ കാലമായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ജലക്ഷാമത്തിന് പരിഹാരമാകുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവിന്റെ അദ്ധ്യക്ഷതയിൽ മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്. രജിത, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന, കൃഷ്ണൻ കുട്ടി, ഹർഷകുമാർ എന്നിവർ പങ്കെടുത്തു.