നെയ്യാറ്റിൻകര: സി.പി.എം കൗൺസിലർ രാജിവച്ചതോടെ പുറത്തുവന്ന എൽ.ഡി.എഫിനുള്ളിലെ സ്വരച്ചേർച്ചയില്ലായ്‌മ രൂക്ഷമായതാണ് ഇന്നലെ നെയ്യാറ്റിൻകര നഗരസഭയിലുണ്ടായ സംഭവങ്ങൾക്ക് കാരണം. നഗരസഭയിലെ ഒരു വിഭാഗം സി.പി.എം കൗൺസിലർമാർക്കും സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റിയിലെ മുതിർന്ന നേതാക്കൾക്കും ചെയർപേഴ്‌സണിന്റെ നിലപാടുകളിലുണ്ടായ അതൃപ്‌തിയാണ് ഭരണത്തിലെ വിഷമഘട്ടങ്ങളിൽ ഹീബയുടെ രക്ഷയ്‌ക്കെത്താത്തതിന് കാരണമെന്നും ആരോപണമുണ്ട്. ഇന്നലെ സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് കൗൺസിൽ യോഗത്തിലേക്ക് ഹീബ എത്തിയത്. അഴിമതി ആരോപണവും സമരവും കാരണം കലുഷിതമായ അന്തരീക്ഷമായതിനാൽ വീട്ടിൽ നിന്നും പൊലീസ് സംരക്ഷണത്തോടെയാണ് പാർട്ടി ഓഫീസിലേക്കും നഗരസഭയിലേക്കും ഹീബ എത്തിയത്. ഭരണത്തിലുള്ള യോജിപ്പില്ലായ്‌മ തിരിച്ചറിഞ്ഞ് സി.പി.എം നേതൃത്വം പല തവണ ചെയർപേഴ്സണ് താക്കീത് നൽകിയിരുന്നതായി കോൺഗ്രസ് കൗൺസിലർമാർ ആരോപിക്കുന്നു. സി.പി.എം ഇളവനിക്കര വാർ‌‌ഡ് കൗൺസിലർ എസ്. സതികുമാർ കഴിഞ്ഞ ദിവസം രാജിവച്ചതോടെ 44 അംഗ കൗൺസിലിൽ എൽ.ഡി.എഫിന്റെ അംഗബലം 21ആയി കുറഞ്ഞു. ഭരണസമിതിക്കെതിരെ സി.പി.എം പെരുമ്പഴുതൂർ എൽ.സി സെക്രട്ടറിയുടെ പരാതിയിന്മേൽ അന്വേഷണം നടത്താൻ സർക്കാർ തലത്തിലും നീക്കം ആരംഭിച്ചിരുന്നു. പുന്നയ്‌ക്കാട് വാർഡിൽ നഗരസഭ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് നിർമ്മിച്ചതിൽ അഴിമതി ആരോപിച്ചാണ് പെരുമ്പഴുതൂർ സി.പി.എം എൽ.സി അംഗം കെ. ശശിധരൻ കഴിഞ്ഞ വർഷം വിജിലൻസിന് പരാതി നൽകിയത്. നഗരസഭയിൽ കോൺഗ്രസിന് 15,​ മാണി ഗ്രൂപ്പിന് ഒന്നും ഒരു യു.ഡി.എഫ് സ്വതന്ത്രനും ചേർന്ന് 17 ആണ് യു.ഡി.എഫിന്റെ കക്ഷിനില. ബി.ജെ.പിക്ക് 5 അംഗങ്ങളാണുള്ളത്. ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് ഭരണം പങ്കിടാനുള്ള അണിയറ നീക്കം ആരംഭിച്ചതായി സൂചനയുണ്ട്.