ആര്യനാട് :കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽവെള്ളനാട്,ആര്യനാട് ജംഗ്ഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ആര്യനാട് പൊലീസ് പരിശോധന കർശനമാക്കി. കഴിഞ്ഞ രണ്ടുമാസക്കാലയളവിലെ ലോക്ക് ഡൗൺ സമയത്ത് ആര്യനാട് പൊലീസ് 281കേസുകൾ രജിസ്റ്റർ ചെയ്തു. 160വാഹനങ്ങൾ അനാവശ്യമായി നിരത്തിലിറങ്ങിയതിന് പിടികൂടി. ഇവരിൽ നിന്നും പിഴ ഈടാക്കി. മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളിൽ ഇറങ്ങിയതിന് 455പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും 105 പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ വാഹന പരിശോധനയും മറ്റ് നിയമലംഘനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്യനാട് ഇൻസ്പെക്ടർ യഹിയ അറിയിച്ചു.