bus

വെമ്പായം: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മരുതൂർ പാലത്തിന്റെ സുരക്ഷാവേലി തകർത്തു നിന്നു. ഡ്രൈവറുടെ മനസാന്നിദ്ധ്യവും, സുരക്ഷാവേലിയും ദുരന്തം ഒഴിവാകാൻ കാരണമായി. പെരുന്തൽമണ്ണ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസാണ് കഴിഞ്ഞ ദിവസം രാവിലെ 6 ന് അപകടത്തിൽപ്പെട്ടത്. നെടുമ്പാശേരിയിൽ നിന്നുള്ളവരെ നാലാഞ്ചിറയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഇറക്കിയ ശേഷം തിരികെ പെരുന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ സുരക്ഷാവേലിയിൽ ഇടിച്ച് കയറുകയായിരുന്നു. പാലത്തിന്റെ വേലി ഇടിച്ചു തകർത്തെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം ബസ് ആറ്റിലേക്ക് മറിഞ്ഞില്ല. സംഭവ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ചാറ്റൽ മഴയിൽ റോഡിൽ തെന്നിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് നിന്ന് ഫയർസ്റ്റേഷൻ ഓഫീസർ ഡി. പ്രവീണിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. സമാന രീതിയിലുള്ള അപകടം ഇവിടെ പതിവാണെന്നും റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. മണ്ണന്തല പൊലീസ് മേൽനടപടി സ്വീകരിച്ചു.