വെമ്പായം: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും വർണാഭം ചൊരിയുകയും പ്രകാശം പരത്തുകയും ചെയ്തിരുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരുടെ ജീവിതം ഇപ്പോൾ പ്രകാശ പൂരിതമല്ല. ഉത്സവ സീസണുകളിലാണ് ഇവരുടെ പ്രധാന വരുമാന മാർഗം. ഇപ്രാവശ്യം ഉത്സവ സീസൺ ആരംഭിച്ചതോടെയാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും. അന്നു മുതൽ ഇന്ന് വരെ അടഞ്ഞു കിടക്കുകയാണ് മിക്ക ലൈറ്റ് ആൻഡ് സൗണ്ട് കടകളും.
ഉത്സവ സീസൺ മുന്നിൽ കണ്ട് ലക്ഷങ്ങൾ മുടക്കിയാണ് മിക്ക ഉടമകളും സാധനങ്ങൾ ഇറക്കിയത്. അതിനായി കടം വാങ്ങിയതും, ലോൺ എടുത്തതുമായ വൻ തുക എങ്ങനെ അടയ്ക്കുമെന്ന ആധിയിലാണ് മിക്ക ഉടമകളും.
ഈ മേഖലയിൽ പണിയെടുക്കുന്നത് നൂറുകണക്കിന് തൊഴിലാളികളാണ്. ഇവരിൽ മിക്കവരും മറ്റു പണികൾക്ക് പോയിത്തുടങ്ങി. ബാക്കിയുള്ളവരുടെ സ്ഥിതി പരിതാപകരമാണ്. ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അടിയന്തരമായി സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.