ooda

വക്കം: വക്കം ചന്തമുക്ക് - ഇറങ്ങുകടവ് റോഡ് പണിയും, ഓട നിർമ്മാണവും പാതിവഴിയിൽ നിറുത്തിയതായി ആക്ഷേപം. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നനുവദിച്ച 40 ലക്ഷം രൂപ കൊണ്ടാണ് ഒരു കിലോമീറ്ററിലധികം നീളമുള്ള ഓടയും റോഡിന്റെയും പണികളും ആരംഭിച്ചത്.

അശാസ്ത്രീയമായ നിർമ്മാണമാണ് മഴവെള്ളവും, മലിനജലവും റോഡിലൂടെ ഒഴുകാൻ കാരണമായത്. ആദ്യ ഘട്ടത്തിൽ ഓട നിർമ്മാണം ആരംഭിക്കുകയും അതിനായി ചന്തമുക്കിൽ നിന്ന് റോഡരികിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ മൂന്നിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ മതിൽ ഇടിഞ്ഞുവീണു. തുടർന്ന് ഓടയുടെ ഗതി മാറ്റി റോഡിന്റെ മദ്ധ്യഭാഗത്ത് കൂടിയായി. അതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം മാസങ്ങളോളം നിലച്ചു.

ഇത്തരത്തിൽ നിർമ്മിച്ച ഓട ഇറങ്ങുകടവ് ഭാഗത്തേക്ക് പോകുന്ന സ്ഥലത്തുവച്ച് നിറുത്തുകയായിരുന്നു. തുടർന്ന് റോഡ് ടാറിടുകയും ചെയ്തു. മഴക്കാലം ആരംഭിച്ചതോടെ ചന്തമുക്കിൽ നിന്നുള്ള ഓടയിലെ മലിനജലവും റോഡിലൂടെ ഒഴുകി എത്തുന്ന മലിനജലവും ഇറങ്ങുകടവ് ഭാഗത്തേക്ക് ഒഴുകുകയാണ്. താഴ്ന്ന പ്രദേശമായതിനാൽ ഈ വെള്ളം റോഡരികിലെ ചില വീടുകൾക്ക് മുന്നിൽ ഒഴുകിയെത്തി കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്.

അവശേഷിക്കുന്ന വെള്ളം ഇറങ്ങുകടവ് തോടു വഴി ഒഴുകി അഞ്ചുതെങ്ങ് കായലിൽ പതിക്കുകയാണിപ്പോൾ. എന്നാൽ തോടിന്റെ ചിലയിടങ്ങളിൽ കൈയേറ്റമുണ്ടെന്നും അത് വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിയെന്നും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതായും നാട്ടുകാർ പറയുന്നു. ഇത് കായലോര മേഖലയിൽ കൊതുക് പെരുകുന്നതിന് കാരണമായി.