വർക്കല: പനയറ ഊരകത്തു വീട്ടിൽ സുമതിയുടെ 4-ാം ചരമവാർഷിക ദിനത്തിലാണ് ചടങ്ങുകൾ ഒഴിവാക്കി മക്കൾ രോഗിയും നിരാലംബയുമായ യുവതിക്ക് ചികിത്സാ സഹായം നൽകിയത്. തച്ചോട് ചരുവിള വീട്ടിൽ സുനിത കഴിഞ്ഞ 8 വർഷമായി അർബുദ രോഗത്തിന് ചികിത്സയിലാണ്. കശുവണ്ടി തൊഴിലാളിയായ സുനിതയ്ക്ക് രോഗബാധയെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെയായി. 3 സെന്റ് ഭൂമിയിലെ വീട്ടിൽ പ്രായാധിക്യം ചെന്ന അമ്മയോടൊപ്പമാണ് സുനിതയുടെ താമസം. ഭർത്താവ് ഉപേക്ഷിച്ചു പോയ ഇവർക്ക് മക്കളുമില്ല. ഇപ്പോൾ 2 പേർക്കും പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അയൽ വീട്ടുകാരുടെ സഹായത്താലാണ് ജീവിതം മുന്നോട്ട് പോകുന്നത്. സുനിതയ്ക്കും അമ്മയ്ക്കും കിട്ടുന്ന ക്ഷേമ പെൻഷനാണ് ഏക വരുമാനം. ഏഴ് വർഷമായി കീമോ തെറാപ്പി ചികിത്സയുടെ ചെലവുകൾ വഹിക്കുന്നത് നല്ലവരായ നാട്ടുകാരാണ്. തുടർ ചികിത്സയ്ക്കും ജനങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സുനിത. ഫോൺ: 808601419.