വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്ക് കത്തിക്കുന്നതിൽ പ്രതിപക്ഷ വാർഡുകളിൽ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ ചെമ്പറിന് മുന്നിൽ ദീപം തെളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പല വാർഡുകളിലും തെരുവ് വിളക്കുകൾ കത്താതിരുന്നിട്ട് മാസങ്ങൾ കഴിയുന്നു. മഴക്കാലമായതിനാൽ ഇത് അടിയന്തരമായി അറ്റകുറ്റപണികൾ നടത്തണമെന്നാവശ്യം പ്രസിഡന്റ് തള്ളിയതായി പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഭരണകക്ഷിക്കാരുടെ വാർഡുകളിൽ അറ്റകുറ്റപണികൾ നടന്നുവരികയുമാണ്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ മെമ്പർമാരായ എൻ. ബിഷ്ണു, രവീന്ദ്രൻ, ഗണേഷ്, താജുന്നീസ, ലാലിജ, അംബിക എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനും, പ്രസിഡന്റിന്റെ ക്യാബിന് മുന്നിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. എന്നാൽ തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികൾ ഒരു ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്നും, എല്ലാ വാർഡുകളിലും ഉടനെ അത് പൂർത്തിയാക്കുമെന്നും പ്രസിഡന്റ് വേണുജി പറഞ്ഞു.