a-k-balan

തിരുവനന്തപുരം: ചൈനയെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തതെന്തെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം ദുരുദ്ദേശ്യപരവും വക്രബുദ്ധിയോടെയുള്ളതുമാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെപ്പറ്റിയും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിലപാടിനെ പിന്തുണച്ചുമുള്ള സി.പി.എം പൊളിറ്റ് ബ്യൂറോയുടെ നിലപാട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദമാക്കിയിട്ടുള്ളതാണ്. അത് പ്രതിപക്ഷ നേതാവിന് വായിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.
പാർട്ടിയുടെ പ്രഖ്യാപിത നിലപാട് വെളിപ്പെടുത്തിക്കഴിഞ്ഞാൽ ഓരോ നേതാവും ഇടയ്ക്കിടെ എടുത്തുപറയേണ്ടതില്ല. കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് ആ പാർട്ടിയിലെ നേതാക്കളുടെ രീതിയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ.ഡി.എഫ് സർക്കാരും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിൽ അസൂയപൂണ്ട് സർക്കാരിനെയും മുഖ്യമന്ത്രിയെയും കുരിശിലേറ്റാൻ അവസരം കിട്ടുമോയെന്നാണ് പ്രതിപക്ഷ നേതാവിന്റെ നോട്ടം.

ഇന്ത്യ- ചൈന യുദ്ധകാലത്തും ഇന്ത്യ- പാകിസ്ഥാൻ യുദ്ധകാലത്തും കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി ചിത്രീകരിച്ച് ജയിലിലടയ്ക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിച്ചത്. അതിനു നേതൃത്വം നൽകിയ ഗുൽസരിലാൽ നന്ദയുടെയും ഹിറ്റ്‌ലറുടെ നുണപ്രചാരകനായിരുന്ന ഗീബൽസിന്റെയും പ്രേതങ്ങളാണ് പ്രതിപക്ഷ നേതാവിനെ ആവേശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഒരു തരി മണ്ണും ചൈന ഉൾപ്പെടെ ഒരു അയൽരാജ്യത്തിനും വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാടാണ് സി.പി.എമ്മിന്. പ്രധാനമന്ത്രിയുടെ പരാമർശത്തെ ഉപയോഗപ്പെടുത്തി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തുന്ന പ്രസ്താവനകളോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം എന്താണ്? മുഖ്യമന്ത്രിക്കെതിരെ എല്ലാ ആയുധവും ഉപയോഗിച്ച് പരാജയപ്പെട്ട പ്രതിപക്ഷനേതാവ് ഒടുവിൽ ചൈനയെ ഉപയോഗിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്നാണ് ശ്രമിക്കുന്നതെന്നും മന്ത്രി ബാലൻ ആരോപിച്ചു.