തിരുവനന്തപുരം: ജീർണിക്കാത്ത മാസ്‌കുകൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് മലിനീകരണത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന പശ്ചാത്തലത്തിൽ ഏത് തരം മാസ്‌ക് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം പൊതുജനങ്ങൾക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വഴുതയ്ക്കാട് അജിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന മാസ്‌കുകൾ ഗൃഹമാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുന്നത് തെരുവുനായകൾ കടിച്ച് രോഗ പകർച്ചക്ക് കാരണമാകും. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഇത്തരം മാസ്‌കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. ജീർണിക്കാത്ത തരത്തിലുള്ള മാസ്‌കുകൾ നിരോധിക്കണം. ആവർത്തിച്ച് ഉപയോഗിക്കാവുന്ന മാസ്‌കുകളുടെ വില കുറയ്ക്കണമെന്ന ആവശ്യത്തിൽ സർക്കാർ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.