നാഗർകോവിൽ: തൂത്തുകുടി ജില്ലയിൽ ജയിലിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നും പൊലീസിന്റെ ആക്രമണ സ്വഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായികൾ ഇന്നലെ കടകളടച്ച് പ്രതിഷേധിച്ചു. സംസ്ഥാനമൊട്ടാകെ നടന്ന പ്രധിഷേധത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലും കടകളും അടച്ചിട്ടു. സാത്താൻകുളത്ത് മൊബൈൽ കട രാത്രി അടയ്ക്കാൻ വൈകിയതിലാണ് കടയുടമ ജയരാജനെയും മകൻ ബേണിക്സിനെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയത്. തുടർന്ന് മർദ്ദിച്ച് ജയിലിലാക്കുകയായിരുന്നു. പൊലീസ് മനഃപൂർവം രണ്ടുപേരയും കൊലപ്പെടുത്തുകയും അധികൃതർ കൂട്ടായി കുറ്റം മറയ്ക്കാൻ ശ്രമിക്കുന്നതായും നാട്ടുകാരും രാഷ്ട്രീയനേതാക്കളും ആരോപിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പേരിൽ പൊലീസ് സംസ്ഥാനമൊട്ടാകെ വ്യാപാരികളെ വേദനിപ്പിക്കുന്നതായും ആരോപിച്ചാണ് പ്രധിഷേധിച്ചത്. കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ മാർത്താണ്ഡം, തക്കല ഉൾപ്പടെ എല്ലാ പ്രദേശങ്ങളിലും കടകൾ അടച്ചിരുന്നു. മെഡിക്കൽ സ്റ്റോറുകളും പകൽ 11 വരെ അടച്ചിട്ടു.