തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ അപകടത്തിൽ മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് ഇൻഷ്വറൻസ് തുകയായ 50 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച്.എം.സി സ്റ്റാഫ് അറ്റന്റർ ഗ്രേഡ് 2 ആയിരുന്ന എസ്. കുമാരിയുടെ (46) കുടുംബത്തിനാണ് കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.പി. ഇൻഷുറൻസ് തുക കൈമാറിയത്. കുമാരിയുടെ മക്കളായ ആർ.കെ. ശ്രീനാഥ്, ആർ.കെ.ശ്രുതിനാഥ് എന്നിവർക്ക് മന്ത്രി കെ.കെ.ശൈലജ സർട്ടിഫിക്കറ്റ് കൈമാറി. 2013 മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുമാരി മാർച്ച് മുതൽ കൊവിഡ് ഒ.പി.യിലും ഐസൊലേഷൻ വാർഡിലും രോഗികളെ പരിചരിച്ചിരുന്നു. മേയ് 27ന് ഐസൊലേഷൻ വാർഡിൽ ജോലിക്കെത്താനായി വരുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം.