തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിനെ ശബരിമല യുവതീ പ്രവേശനവിവാദത്തിന് സമാനമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷശ്രമത്തെ ജാഗ്രതയോടെ സമീപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം.
പ്രായോഗികസമീപനമേതുമില്ലാതെ എല്ലാവരെയും കൊണ്ടുവരാനാവശ്യപ്പെട്ട് വിവാദം സൃഷ്ടിക്കുന്നത്, കൊവിഡ് വ്യാപനസ്ഥിതി പിടിവിട്ടുപോയാൽ സർക്കാരിന്റെ തലയിൽ പഴിചാരി മുതലെടുപ്പ് നടത്താനാണ്.
രോഗനിയന്ത്രണത്തിന് സർക്കാർ മുൻതൂക്കം നൽകുമ്പോൾ അത് മറച്ചുവച്ച് പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നില്ലെന്ന് പ്രചരിപ്പിക്കുകയാണ്.
ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. പ്രവാസി വിഷയം മുതലെടുത്ത് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മുസ്ലിംസംഘടനകളുടെ പിന്തുണയോടെ തദ്ദേശതിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണത്തിനാണ് യു.ഡി.എഫ് നീക്കം. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ അത് ഫലവത്താകണമെന്നില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രധാനമായും പ്രാദേശികവിഷയങ്ങളാകും ചർച്ചയാവുന്നത് ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായി സഖ്യത്തിനുള്ള ലീഗ് നീക്കത്തിന് ആ പാർട്ടിയിൽ തന്നെ അഭിപ്രായ ഐക്യമില്ലാത്ത സ്ഥിതിയുമുണ്ട്.
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ നാട്ടിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ രോഗവ്യാപനസാദ്ധ്യതകൾ നിയന്ത്രിച്ചുനിറുത്താനാവശ്യമായ നിരീക്ഷണം കർശനമാക്കാൻ വാർഡ് തല ജാഗ്രതാസമിതികളെ ശക്തിപ്പെടുത്തണമെന്ന് സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്ത് രോഗവ്യാപന സാദ്ധ്യത കൂടുമെന്ന് തന്നെയാണ് സർക്കാരിന്റെ നിഗമനം. ഇക്കാര്യത്തിൽ അങ്ങേയറ്റം ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൈവിട്ട് പോകും. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണനടപടികൾ കുറേക്കൂടി ശക്തിപ്പെടുത്തേണ്ടി വരുമെന്ന നിർദ്ദേശവുമുയർന്നു. വിദേശത്ത് നിന്ന് ഇനിയും അഞ്ച് ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കൃത്യമായ കണക്ക് പറയാനാവില്ല. എട്ട് ലക്ഷം പേരെങ്കിലും ആഗസ്റ്റോടെ നാട്ടിലേക്ക് മടങ്ങിയെത്താം. അതിൽ ഒരു ശതമാനം പേർക്ക് രോഗം ബാധിച്ചാൽ തന്നെ വല്ലാത്ത സാഹചര്യമായിരിക്കുമെന്നാണ് യോഗം വിലയിരുത്തിയത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി വോട്ടർപട്ടികയിൽ വിട്ടുപോയവരെ ചേർക്കാനുള്ള നടപടികൾ ബൂത്ത്തലങ്ങളിൽ ശക്തിപ്പെടുത്തണം. സമൂഹമാദ്ധ്യമസാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രചരണം ഊർജിതമാക്കണം. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള എറണാകുളം ജില്ലാകമ്മിറ്റി തീരുമാനത്തിന് സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. അനധികൃതസ്വത്ത് സമ്പാദനത്തിനാണ് നടപടിയെന്നാണ് സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ.