നെടുമങ്ങാട്: മുനിസിപ്പൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടി. അർജുനൻ നൽകിയ നോട്ടീസിന് ഭരണപക്ഷം അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് ബാക്കി തുക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നഗരസഭ പടിക്കൽ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ സമരത്തിനിടെ, മുനിസിപ്പൽ സെക്രട്ടറിയുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നാണ് കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ടി. അർജുനൻ നോട്ടീസ് നൽകിയത്. വാക്ക്ഔട്ട് നടത്തിയ അംഗങ്ങൾ നഗരസഭ മന്ദിരത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, കെ.ജെ. ബിനു, വട്ടപ്പാറ ചന്ദ്രൻ, എൻ. ഫാത്തിമ, ഹസീന, ഒ.എസ്. ഷീല, നൂർജി, രവീന്ദ്രൻ, ടി. ലളിത, റോസല, ഗീത, ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.