bin-laden

ലണ്ടൻ : ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിൽ ഒസാമ ബിൻ ലാദന്റെ കാർഡ് ബോർഡ് കട്ടൗട്ട് സ്ഥാപിച്ച സംഭവത്തിൽ ക്ഷമാപണവുമായി ഇംഗ്ലീഷ് ക്ലബ് ലീഡ്സ് യുണൈറ്റഡ്.

ഇംഗ്ലണ്ടിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ കാണികൾക്ക് പ്രവേശനം ഇല്ല. അതു കൊണ്ട് തന്നെ ഗാലറിയിലെ സീറ്റുകളിൽ തങ്ങളുടെ ഫോട്ടോയുടെ കട്ടൗട്ട് വച്ച് സീറ്റുകൾ ബുക്ക് ചെയ്യാൻ ആരാധകർക്ക് മിക്ക ക്ലബുകളും അവസരം നൽകിയിരുന്നു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലെ കഴി‌ഞ്ഞ അഞ്ച് മത്സരങ്ങൾക്കും 15,000 ത്തോളം സീറ്റുകളാണ് ലീഡ്സ് യുണൈറ്റഡ് ഇത്തരത്തിൽ വെർച്വലായി വിറ്റത്. 25 പൗണ്ടിനാണ് ഓരോ ടിക്കറ്റുകളും വിറ്റത്.

ഇതിനിടെയാണ് ലീഡ്സ് യുണൈറ്റഡിന്റെ എല്ലാൻഡ് റോഡ് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഫാൻസിന്റെ കട്ടൗട്ടുകൾക്കൊപ്പം കൊല്ലപ്പെട്ട അൽഖ്വായിദ ഭീകരൻ ഒസാമ ബിൻ ലാദന്റെ കട്ടൗട്ടിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബിൻ ലാദന്റെ ഫോട്ടോ അധികൃതർ ഗാലറിയിൽ നിന്നും നീക്കം ചെയ്തു. പണമടച്ച് സീറ്റ് ബുക്ക് ചെയ്ത ആരോ സ്വന്തം ഫോട്ടോയ്ക്ക് പകരം ബിൻ ലാദന്റെ ഫോട്ടോ നൽകി തങ്ങളെ കുഴപ്പത്തിലാക്കുകയായിരുന്നുവെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. വരും മത്സരങ്ങളിൽ ഇത്തരം ചിത്രങ്ങൾ കയറി കൂടാതിരിക്കാൻ തങ്ങൾ ശ്രദ്ധിക്കുമെന്നും ക്ലബ് വ്യക്തമാക്കിയിരുന്നു.