തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് തദ്ദേശസ്ഥാപനങ്ങൾ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു. പൊതുവായ പഠന കേന്ദ്രങ്ങളൊരുക്കുന്നതിന് കെ.എസ്.എഫ്.ഇ ഓൺലൈൻ വിദ്യാഭ്യാസ സഹായ നിധിയിൽ നിന്നും 35.99 കോടി രൂപ ചെലവഴിക്കും. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തുന്ന സ്ഥലങ്ങളിൽ പഠന കേന്ദ്രങ്ങളാരംഭിക്കാൻ ടിവികൾ വാങ്ങുന്നതിനായി ബിൽ തുകയുടെ 75% അല്ലെങ്കിൽ 10,000 രൂപ കെ.എസ്.എഫ്.ഇ നൽകും.ടിവി വാങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായി വരുന്ന അധിക തുക തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിന് സർക്കാർ അനുമതി നൽകിയതായും മന്ത്രി പറഞ്ഞു.