തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ നാലാംഘട്ട വികസനമായ ടെക്‌നോസിറ്റിക്കായി പള്ളിപ്പുറത്ത് കണ്ടെത്തിയ ഭൂമിയിൽ കളിമൺ ഖനനം നടത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടെക്‌നോസിറ്റിയെ തകർക്കുന്ന നടപടിയാണിതെന്ന് പ്രദേശം സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.പി.എം നേതാക്കൾ ചെയർമാന്മാരായുള്ള കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെംഡൽ) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഖനനത്തിനുള്ള നീക്കം. പമ്പയിൽ മണൽവാരാൻ വിവാദ നീക്കം നടത്തിയ ക്ലേസ് ആൻഡ് സെറാമിക് പ്രോഡക്ട് എന്ന സ്ഥാപനവും ഇതിന്റെ പിന്നിലുണ്ട്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ നീക്കം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവിടത്തെ ഖനനം അവസാനിപ്പിച്ചുകൊണ്ടാണ് സ്ഥലം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എമാരായ പാലോട് രവി, എം.എ. വാഹിദ്, കോൺഗ്രസ് നേതാക്കളായ എം.എ. ലത്തീഫ്, എം. മുനീർ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.