covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

തിരുവനന്തപുരത്ത് അഞ്ചു പേരും കൊല്ലത്ത് രണ്ടും കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം. പാലക്കാട് ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കണ്ണൂരിൽ ആറു സി.ഐ.എസ്.എഫുകാർ രോഗബാധിതരായി. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മറ്റുള്ളവരിൽ മൂന്നു പേർ ആർമി ഡി.എസ്.സി. ക്യാന്റീൻ ജീവനക്കാരും. രണ്ട് പേർ എയർപോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരുമാണ്. 65 പേർ ഇന്നലെ രോഗമുക്തരായി.

തലസ്ഥാനത്ത് ഉറവിടം

അറിയാത്ത കേസുകൾ

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് ബാധിച്ച ഏഴിൽ അഞ്ചു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ടു പേരുടെ ഉറവിടം അറിയില്ല. വള്ളക്കടവ് സ്വദേശിയായ റിട്ട.വി.എസ്.എസ്.സി ജീവനക്കാരനും മണക്കാട് പുത്തൻകോട്ട ത്രിവേണി നഗറിലെ വി.എസ്.എസ്.സി ജീവനക്കാരനുമാണ് ഉറവിടം വ്യക്തമല്ലാത്തത്. ഇത് കൂടാതെ മണക്കാട് ഒരു വീട്ടിലെ മൂന്നു പേരും രോഗബാധിതരായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ച ആട്ടോ ഡ്രൈവറുടെ ബന്ധുക്കളാണ്.