k-surendran

തിരുവനന്തപുരം: കേരള സർക്കാരിന്റെ രണ്ട് കത്തുകൾക്ക് കേന്ദ്രം നൽകിയ രണ്ട് മറുപടികളിൽ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി.ആർ പ്രവർത്തനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. സാധ്യമല്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രം മറുപടി നൽകി. ഫേസ് മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന രണ്ടാമത്തെ കത്തിലെ നിർദേശമാണ് കേന്ദ്രം അംഗീകരിച്ചത്. പ്രവാസികൾ മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അൽപ്പത്തരവുമാണ്. മാന്യതയുണ്ടെങ്കിൽ കേന്ദ്രത്തിന്റെ ആദ്യത്തെ മറുപടിയും പുറത്തുവിടട്ടെ. ബാലിശമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന മുഖ്യമന്ത്രി തലയ്ക്കകത്ത് ആൾത്താമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത്. മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ പിണറായി വിജയനെ പോലെ അർദ്ധരാത്രിയിൽ കുട ചൂടുന്നില്ല. ജാള്യത മറയ്ക്കാനാണ് മന്ത്രിമാരും സി.പി.എം നേതാക്കളും വി.മുരളീധരനെതിരെ ആക്രോശിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.