j

തിരുവനന്തപുരം: ഇന്നലെ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 84 ആയി. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മറ്റു രണ്ട് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വി.എസ്.എസ്.സി. ഉദ്യോഗസ്ഥനായ മണക്കാട് സ്വദേശി (41),​വി.എസ്.എസ്.സിയിൽ നിന്ന് വിരമിച്ച വള്ളക്കടവ് പുത്തൻപാലം സ്വദേശി (60)​,​മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്‌റ്റേഷനറി കട നടത്തുന്ന ആൾ (50)​,​ ഭാര്യ (42)​,​ മകൻ (15)​ എന്നിവർക്കാണ് സമ്പർക്കം വഴി രോഗം. മണക്കാട് സ്വദേശിയായ വി.എസ്.എസ്.സി ഉദ്യോഗസ്ഥനും പുത്തൻപാലം സ്വദേശിക്കും വിദേശയാത്രാ പശ്ചാത്തലമില്ല. വി.എസ്.എസ്.സി ഉദ്യോഗസ്ഥന് 15 മുതലും പുത്തൻപാലം സ്വദേശിക്ക് 18 മുതലും രോഗലക്ഷണങ്ങൾ പ്രകടമായി. ദമ്പതിമാരും മകനും നേരത്തെ രോഗം സ്ഥിരീകരിച്ച ആട്ടോഡ്രൈവറുടെ ബന്ധുക്കളാണ്. ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഇവർ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (28),​ മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻകീഴ് സ്വദേശി (68) എന്നിവരാണ് രോഗം ബാധിച്ച മറ്റു രണ്ടുപേർ. ജില്ലയിൽ ഇന്നലെ 422 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 28 പേർ ആശുപത്രി വിട്ടു. ഇന്നലെ 550 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 338 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്.

ആകെ നിരീക്ഷണത്തിലുള്ളവർ: 24,​626

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 22,​873

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 170

കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1583

ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ: 827