തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് പെട്രോൾ പമ്പിന് സമീപമുള്ള ഫ്ളാറ്റിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ് സ്വദേശി സരോജിനി ജപ് കെന്നിനെ (48) ആണ് ഇന്നലെ രാവിലെ 11ഓടെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷക സുഹൃത്തായ ബിനോയ് ജോ‌ർജാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്ന ഇവർ ഒരു വർഷം മുൻപ് സ്വദേശമായ നെതർലാൻഡിലേക്ക് പോയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ സരോജിനിയെ ഫോണിൽ ലഭിക്കാതായതോടെ ഫ്ളാറ്റിലെ കെയർ ടേക്കറെയും ജോലിക്കാരെയും ബിനോയി വിവരമറിയിച്ചു. തുടർന്ന് ഇവ‌ർ നടത്തിയ തെരച്ചിലിലാണ് മുറിയിലെ ബെഡിൽ ബോധരഹിതയായ സരോജിനിയെ കണ്ടെത്തിയത്. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വർഷമായി ഇതേ ഫ്ലാറ്റിൽ വാടകയ്ക്കായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇൗ അടുത്ത് നെതർലാൻഡിലേക്ക് പോകാനിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിമൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിനോയ് കുടുംബത്തോടൊപ്പം കവടിയാറിലാണ് താമസിക്കുന്നതെങ്കിലും ഇവിടെ നിത്യവും എത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. വ്യാഴാഴ്ചയും ഫ്ലാറ്റിലെത്തിയ ബിനോയ് ഉച്ചയോടെ മടങ്ങിയതായും പൊലീസ് പറഞ്ഞു. വിസ കാര്യങ്ങളുമായി ബന്ധപ്പെട്ട് 2006 മുതലാണ് സരോജിനിയുമായി പരിചയം ആരംഭിച്ചതെന്ന് ബിനോയ് പൊലീസിന് മൊഴി നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണം ഇന്ന് ആരംഭിക്കുമെന്നും മ്യൂസിയം സി.ഐ പറഞ്ഞു. മരണകാരണം ഹൃദയാഘാതമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തുകയുള്ളൂ. പിതാവ്: പരേതനായ യു.പി സ്വദേശി ശിവകുമാർ, മാതാവ് നെതർലാൻഡുകാരി ഫെഡറിക്ക.