തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിൽ ഇളവു വരുത്തി തോട്ടം ഭൂമിയിൽ പഴവർഗകൃഷി അനുവദിക്കണമെന്ന സർക്കാർ നിർദ്ദേശം ഇടതുമുന്നണിയുടെ നയതീരുമാനത്തിനു വിടും. ഭൂപരിഷ്കരണ നിയമത്തിൽ വെള്ളം ചേർക്കുന്നതാകുമോയെന്ന സന്ദേഹം ഉയർന്നതിനെ തുടർന്ന് സി.പി.എമ്മും സി.പി.ഐയും ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്ത നിലനിറുത്തി മാത്രമുള്ള മറ്റു കൃഷി ആകാമെന്ന സമീപനമാണ് ഇടതു പാർട്ടികൾക്ക്. തോട്ടങ്ങളിൽ മാത്രമല്ല, സുഭിക്ഷകേരളം പദ്ധതിപ്രകാരം തരിശായി കിടക്കുന്ന മറ്റ് ഭൂമിയിലും കൃഷി ചെയ്യുന്നതിന്റെ വിശദാംശങ്ങൾ ഇടതുമുന്നണി വിശദമായി പരിശോധിക്കും.
തോട്ടങ്ങളിൽ പഴം കൃഷി നടത്താനുള്ള നിർദ്ദേശം സി.പി.ഐയും മറ്റ് ഘടകകക്ഷികളും എൽ.ഡി.എഫും ചർച്ച ചെയ്തേ നടപ്പാക്കൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പ്രതികരിച്ചു. ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കില്ല. തോട്ടങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയിലും വിഷയത്തിൽ പ്രാഥമികചർച്ചകളുണ്ടായി. സി.പി.എം സെക്രട്ടേറിയറ്റിൽ വിശദചർച്ചയുണ്ടായില്ല. പുതിയ കൃഷിരീതികളിലേക്ക് കടക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടാണ് സി.പി.എം സംഘടനയായ കർഷകസംഘത്തിന്. അതേസമയം, ഭൂപരിഷ്കരണനിയമത്തിന്റെ അന്തസ്സത്ത മാറ്റുന്നത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അതിൽ വിട്ടുവീഴ്ച പാടില്ലെന്നും സി.പി.ഐ നിർവ്വാഹകസമിതി യോഗത്തിൽ അഭിപ്രായമുയർന്നു. മുൻ യു.ഡി.എഫ് ഭരണകാലത്ത് തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി ടൂറിസത്തിന് വിനിയോഗിക്കാൻ നിർദ്ദേശിച്ചതിനെ ഇടതുപക്ഷം ഒന്നടങ്കം എതിർത്തതാണ്.
പരിസ്ഥിതി ശാസ്ത്രജ്ഞർ, പരിസ്ഥിതിപ്രവർത്തകർ, ഭൂപരിഷ്കരണ നിയമവിദഗ്ദ്ധർ തുടങ്ങിയവരുടെ അഭിപ്രായം തേടി വിശദചർച്ച മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ കൃഷിമന്ത്രിയുമായി കൂടിയാലോചിച്ച് അടുത്ത നിർവാഹകസമിതിയിൽ ചർച്ച ചെയ്യാനായി വിശദ നയരേഖ തയാറാക്കാൻ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ യോഗം ചുമതലപ്പെടുത്തി.